വനിതാശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് മുഖേന നടപ്പാക്കുന്ന ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ (ഒ.ആര്‍.സി.) പദ്ധതിയുടെ ഭാഗമായി സ്‌പെഷ്യല്‍ കമ്മ്യൂണിറ്റി ഇന്റര്‍വെന്‍ഷന്‍ പരിപാടി സോക്കര്‍ കാര്‍ണിവല്‍ 2k23 സംഘടിപ്പിച്ചു. കുട്ടികളും അധ്യാപകരും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിനും കുട്ടികള്‍ക്ക് പഠനത്തിനോടുള്ള വിമുഖത കുറച്ചുകൊണ്ട് കൊഴിഞ്ഞുപോക്ക് തടയുന്നതിനുമായാണ് സോക്കര്‍ കാര്‍ണിവല്‍ 2k23 എന്ന പേരില്‍ പാലക്കാട് ഡി.സി.പി.യു ഉദ്യോഗസ്ഥരും ഹേമാംബിക സ്‌കൂളിലെ വിദ്യാര്‍ത്ഥികളും തമ്മില്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരം നടത്തിയത്.
ഹേമാംബിക നഗറിലുള്ള റോക്കി ഫുട്‌ബോള്‍ ടര്‍ഫില്‍ നടന്ന മത്സരം സബ് ജഡ്ജും ഡിസ്ട്രിക്ട് ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയുമായ മിഥുന്‍ റോയ് ഉദ്ഘാടനം ചെയ്തു. മത്സരത്തില്‍ ഹേമാംബിക സ്‌കൂള്‍ ടീം ചാമ്പ്യന്മാരായി. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എസ്. ശുഭ, അകത്തേത്തറ വാര്‍ഡ് മെമ്പര്‍ സുജിത്, പി.ടി.എ പ്രസിഡന്റ് രാജേന്ദ്രന്‍, പ്രധാനധ്യാപിക മല്ലിക, സ്‌കൂള്‍ മാനേജര്‍ ജിതേഷ്, ഡോ. പി.സി ഏലിയാമ്മ, ഒ.ആര്‍.സി പ്രോജക്ട് അസിസ്റ്റന്റ് വി. ശാരി, ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ റഫറി ദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.