ഭിന്നശേഷി വിഭാഗത്തിൽ സംസ്ഥാന സർക്കാരിന്റെ 2023 ലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള അവാർഡ് പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിന് ലഭിച്ചു. കോഴിക്കോട് നടന്ന ഉണർവ് 2023 ഭിന്നശേഷി സംസ്ഥാനതല അവർഡ് വിതരണ ചടങ്ങിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷെഹീർ പഞ്ചായത്തംഗങ്ങൾ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.

ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.കെ നിഷാർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മൂസ ആലത്തയിൽ, വാർഡ് മെമ്പർമാർ കെ.എച്ച് ആബിദ്, ബുഷറ നൗഷാദ് എന്നിവർ പങ്കെടുത്തു.

ഭിന്നശേഷി മേഖലയിൽ മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെച്ചാണ് പഞ്ചായത്ത് പുരസ്കാരം കരസ്ഥമാക്കിയത്. പഞ്ചായത്തിൽ നിർമ്മിച്ച ജില്ലയിലെ ഏറ്റവും വലിയ അങ്കണവാടി ഭിന്നശേഷി സൗഹൃദമായാണ് പ്രവർത്തിക്കുന്നത്. ഭിന്നശേഷിക്കാർക്ക് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി പെട്ടിക്കട ആരംഭിക്കുന്നതിന് ധനസഹായം നൽകി. ആറുപേർ ഇതിന്റെ ഭാഗമായി സ്വയം തൊഴിൽ നടത്തുന്നു. പുന്നയൂർക്കുളം പഞ്ചായത്തിലെ അർഹരായ മുഴുവൻ പേർക്കും ഭിന്നശേഷി പെൻഷനും നൽകി വരുന്നു.

ഭിന്നശേഷി കുട്ടികൾക്കായി 50 ലക്ഷം രൂപ ചെലവിൽ ബഡ്സ് സ്കൂൾ നിർമ്മാണം അന്തിമ ഘട്ടത്തിലാണ്. ഫിസിയോ തെറാപ്പി സ്പീച്ച് തെറാപ്പി സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുന്നത്.
വിവിധ ഫണ്ടുകൾ വിനിയോഗിച്ച് ഭിന്നശേഷിക്കാർക്കായി പ്രത്യേകം പദ്ധതികൾ ആവിഷ്കരിച്ചു. പഞ്ചായത്തിലെ എല്ലാ കെട്ടിടങ്ങളും ഭിന്നശേഷി സൗഹൃദമായാണ് നിർമ്മിക്കുന്നത്. ഇതിന്റെ ഭാഗമായി പഞ്ചായത്ത് ഓഫീസിൽ ലിഫ്റ്റ് സൗകര്യം ഏർപ്പെടുത്തി. ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹന വിതരണം, ഭിന്നശേഷി ഗ്രാമസഭ, വിഭിന്ന മേളനം, ബോധവത്കരണ ക്ലാസ്, മെഡിക്കൽ ക്യാമ്പ് എന്നിങ്ങനെ എല്ലാവിധ പ്രവർത്തനങ്ങളും നടത്തിയാണ് പുന്നയൂർക്കുളം പഞ്ചായത്ത് മുന്നേറിയത്.