ജില്ലാതല ഉദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു

ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പുകളുടെ ജില്ലാതല ഉദ്ഘാടനം പട്ടികജാതി – പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ ക്ഷേമ വികസന, ദേവസ്വം, പാർലമെന്ററി കാര്യവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു. സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് ഫണ്ടഡ് യൂണിറ്റായി മാറിയതിന്റെ പ്രഖ്യാപനവും നടന്നു. സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് സെൽഫ് ഫിനാൻസിംഗ് യൂണിറ്റായാണ് പ്രവർത്തിച്ചു വന്നിരുന്നത്. ഈ ഘട്ടത്തിൽ യൂണിറ്റിന്റെ പ്രവർത്തനത്തിന് ആവശ്യമായ സാമ്പത്തികം തനത് രീതിയിൽ കണ്ടെത്തണമായിരുന്നു. മന്ത്രിയുടെ ഇടപെടലിന്റെ ഫലമായാണ് ചേലക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിനെ സെൻട്രൽ ഗവ. ഫണ്ട് യൂണിറ്റാക്കി ഉയർത്തിയത്. ഇതിലൂടെ യൂണിറ്റ് പ്രവർത്തനത്തിന് ആവശ്യമായ ഓരോ അംഗങ്ങൾക്കും 1500 രൂപ വീതം ഫണ്ട് ലഭ്യമാകും.

ആറ്റൂർ ഗവ. യു.പി സ്കൂളിൽ നടന്ന പരിപാടിയിൽ വടക്കാഞ്ചേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് കെ.വി നഫീസ അധ്യക്ഷയായി. തണൽ ഭവന പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾ വിവിധ പ്രവർത്തനങ്ങളിലൂടെ ശേഖരിച്ച ഒന്നാം ഗഡു തുക വിദ്യാർത്ഥികൾക്ക് വേണ്ടി മന്ത്രി ജില്ലാ എൻ.എസ്.എസ് കൺവീനർ എം.വി പ്രതീഷിന് കൈമാറി. മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മേലെടുത്ത് മുഖ്യാതിഥിയായി. എൻ.എസ്.എസ് ജില്ലാ കൺവീനർ എം.വി പ്രതീഷ് ക്യാമ്പ് സന്ദേശം നൽകി. 51 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.

ചേലക്കര എസ്.എം.ടി.ജി.എച്ച്.എസ്.എസ് സ്കൂളിന്റെ ‘സമന്വയം 2023’ സഹവാസ ക്യാമ്പാണ് ആറ്റൂർ ഗവ. യു.പി സ്കൂളിൽ ഡിസംബർ 26 മുതൽ ജനുവരി ഒന്നു വരെ സംഘടിപ്പിക്കുന്നത്. ‘മാലിന്യം മുക്ത നവകേരളം’ പദ്ധതിയാണ് ഈ വർഷത്തെ ക്യാമ്പിന്റെ മുഖ്യ ആശയം. ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾ, മാലിന്യമുക്ത കേരളത്തിനായുള്ള വിവിധ പ്രവർത്തനങ്ങൾ, പരിസ്ഥിതി പ്രവർത്തനങ്ങൾ, വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിക്കും. വയോജനസംഗമവും തൊഴിലുറപ്പ് തൊഴിലാളികളുമായുള്ള സ്നേഹസംവാദവും പ്രഥമ ശുശ്രൂഷ ബോധവൽക്കരണം, ശാസ്ത്ര അഭിരുചി വളർത്തൽ, നേതൃത്വ പരിശീലനം എന്നിവയും ക്യാമ്പ് അംഗങ്ങൾക്കായി ഒരുക്കും. ‘പോൾ ബ്ലഡ് ആപ്പ്’ പരിചയപ്പെടുത്തലും രക്തദാനത്തിന്റെ ആശയ പ്രചരണവും സംഘടിപ്പിക്കും. മാലിന്യമുക്ത കേരളം പദ്ധതികളുടെ പ്രചരണത്തിനായി തെരുവു നാടകങ്ങളും ഫ്ലാഷ് മോബും പ്രധാന സെന്ററുകളിൽ അവതരിപ്പിച്ചുള്ള ബോധവൽക്കരണത്തിനും ക്യാമ്പ് നേതൃത്വം നൽകും.

പരിപാടിയിൽ പ്രിൻസിപ്പൽ എൻ. സുനിത, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.കെ സുനിത, മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.കെ തങ്കപ്പൻ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ കെ.ആർ മായ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷാദിയ അമീർ, എൻ.എം ഷാഹിറ, നീതു വിനീഷ്, എം.സി മനോജ്, അബ്ദുൽ സലീം, സുമയ്യ കബീർ, മുജീബ് റഹ്മാൻ, കെ.ജി രാജൻ, ഷറഫി മൊയ്തു, സുമ അയ്യപ്പൻ, ഇ.എസ് ശ്രീകല തുടങ്ങിയവർ പങ്കെടുത്തു.