മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകളെ സംരംഭകരാക്കുന്നതിന് സംസ്ഥാന ഫിഷറീസ് വകുപ്പ് ആവിഷ്‌കരിച്ച് നടപ്പാക്കുന്ന ‘സാഫ് പദ്ധതി’ (സാസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമന്‍) യിലേക്ക് ഇടുക്കി ജില്ലയില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. റെഡിമെയ്ഡ് വസ്ത്രനിര്‍മ്മാണം, ബേക്കറി, പലചരക്ക് കട, കോള്‍ഡ് സ്റ്റോറേജ്, കാലിവളര്‍ത്തല്‍, മെഡിക്കല്‍ ലാബ്, ഹോട്ടല്‍, കാറ്ററിങ് തുടങ്ങി ഒട്ടേറെ തൊഴില്‍ മേഖലകളില്‍ സംരഭകരാകുന്നതിന് വനിതകള്‍ക്ക് വകുപ്പ് തല ധനസഹായത്തിന് പുറമേ കേരളാബാങ്ക് വായ്പയും പദ്ധതിപ്രകാരം ലഭ്യമാക്കും.

രണ്ടുപേര്‍ മുതല്‍ അഞ്ചുപേര്‍ അടങ്ങുന്ന ഗ്രൂപ്പുകള്‍ക്കാണ് ധനസഹായം ലഭിക്കുക. ഒരംഗത്തിന് ഒരു ലക്ഷം രൂപ വകുപ്പുതല ധനസാഹയവും പദ്ധതി റിപ്പോര്‍ട്ട് പ്രകാരം 20 ശതമാനം ബാങ്ക് വായ്പയും അഞ്ച് ശതമാനം ഗുണഭോക്തൃവിഹിതവും ലഭിക്കും. ജില്ലയില്‍ ഇത്തരത്തില്‍ നാല് സംരംഭങ്ങള്‍ നിലവില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്.

കുളമാവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സേവന കോള്‍ഡ് സ്റ്റോര്‍ ആന്റ് ചിക്കന്‍ സെന്റര്‍ ഇവയില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന ഒരു സംരംഭമാണ്. ദീപ, സഫിയ, ശ്രീദേവി, സുജ എന്നീ മത്സ്യത്തൊഴിലാളി വനിതകളുടെ കൂട്ടായ്മയാണിത്. മികച്ച വരുമാനം കണ്ടെത്തിയ ഈ ഗ്രൂപ്പ് ഇപ്പോള്‍ ജൈവപച്ചക്കറി വിപണനത്തിലും മുദ്രപദിപ്പിച്ചുകഴിഞ്ഞു. സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന മത്സ്യത്തൊഴിലാളി വനിതകള്‍ താഴെ പറയുന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, ഇടുക്കി, പൈനാവ് പി.ഒ., പിന്‍- 685603. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04862 233226 ഇ മെയില്‍: adidkfisheries@gmail.com.