ജനാധിപത്യ സംവിധാനത്തിന്റെ പ്രാധാന്യവും വ്യാപ്തിയും മനസിലാക്കുന്നതിനുള്ള അവസരമൊരുക്കുന്നതിനും കുട്ടികളുടെ അവകാശങ്ങൾ ഉറപ്പു വരുത്തുന്നതും ലക്ഷ്യമിട്ട് ഈ വർഷത്തെ കുടുംബശ്രീ സംസ്ഥാനതല ബാലപാർലമെൻറ് നാളെ പഴയ നിയമസഭാ മന്ദിരത്തിൽ അരങ്ങേറും. സംസ്ഥാനത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാതല ബാലപാർലമെൻറുകളിൽ മികച്ച പ്രകടനം കാഴ്ച വച്ച 154 കുട്ടികളും അട്ടപ്പാടിയിൽ നിന്നുള്ള 11 കുട്ടികളും ഉൾപ്പെടെ ആകെ 165 പേരാണ് സംസ്ഥാനതല ബാലപാർലമെൻറിൽ അണിനിരക്കുന്നത്. സംസ്ഥാനത്തെ 31612 ബാലസഭകളിൽ അംഗങ്ങളായ 4.59 ലക്ഷം അംഗങ്ങളെ പ്രതിനിധീകരിച്ചുകൊണ്ടാകും ഇവർ ബാലപാർലമെൻറിൽ പങ്കെടുക്കുക. മുൻഗതാഗതവകുപ്പ് മന്ത്രി ആൻറണി രാജു ബാലപാർലമെൻറിൻറെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡൻറ് അഡ്വ.ഡി.സുരേഷ് കുമാർ അധ്യക്ഷത വഹിക്കും. മേയർ ആര്യാ രാജേന്ദ്രൻ, ശശി തരൂർ എം.പി. എന്നിവർ മുഖ്യാതിഥികളാകും.
ജില്ലാതല പാർലമെൻറുകളിൽ നിന്നും തിരഞ്ഞെടുത്ത 11 വീതം കുട്ടികളാണ് ബാലപാർലമെൻറിനായി എത്തിയിട്ടുള്ളത്. ഇന്നു (28.12.2023) നടക്കുന്ന സംസ്ഥാന ബാലപാർലമെൻറിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നതിനായി ഇവർക്ക് കുടുംബശ്രീയുടെ നേതൃത്വത്തിൽ 26,27 തീയതികളിൽ നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെൻററിൽ വിപുലമായ പരിശീലന പരിപാടികളും സംഘടിപ്പിച്ചിരുന്നു. കേരള ലെജിസ്‌ളേറ്റീവ് അസംബ്‌ളി മീഡിയ ആൻഡ് പാർലമെൻററി സ്റ്റഡി സെൻററി (കെ-ലാംപ്‌സ്)ൻറെ ജോയിൻറ് സെക്രട്ടറിയും ഡയറക്ടറുമായ ജി.പി ഉണ്ണിക്കൃഷ്ണൻ പാർലമെൻററി സംവിധാനത്തെ കുറിച്ച് പരിശീലനം നൽകി. ഇതിൻറെ കൂടി അടിസ്ഥാനത്തിലാണ് 154 കുട്ടികളിൽ നിന്നും ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ച ബാലസഭാംഗങ്ങളെ ഇന്നു നടക്കുന്ന ബാലപാർലമെൻറിൽ പ്രസിഡൻറ്, സ്പീക്കർ, പ്രധാനമന്ത്രി, പ്രതിപക്ഷനേതാവ്, ആറ് വകുപ്പ് മന്ത്രിമാർ, എ.ഡി.സി, ചീഫ് മാർഷൽ, ഡെപ്യൂട്ടി സ്പീക്കർ, സെക്രട്ടറി ജനറൽ, സെക്രട്ടറി, ഗാർഡ് എന്നിവരായി തിരഞ്ഞെടുത്തിട്ടുള്ളത്. ബാക്കിയുള്ള കുട്ടികളെ പ്രതിപക്ഷ ഭരണപക്ഷ അംഗങ്ങളായി തിരിക്കും. ബാലപാർലമെൻറിൽ ആദിവാസി തീരദേശ മേഖലകളിലെ കുട്ടികളുടെ പങ്കാളിത്തവും ഉറപ്പു വരുത്തിയിട്ടുണ്ട്.
കുട്ടികളുടെ അവകാശങ്ങൾ ഉറപ്പു വരുത്തുന്നതിനായി കുടുംബശ്രീ രൂപീകരിച്ചിട്ടുള്ള കുട്ടികളുടെ അയൽക്കൂട്ടങ്ങളാണ് ബാലസഭകൾ. തദ്ദേശ ഭരണ സംവിധാനത്തിൻറെ കീഴിൽ അയൽക്കൂട്ട തലത്തിൽ ബാലസഭകൾ, വാർഡുതലത്തിൽ ബാലസമിതകൾ, നഗരസഭാതലത്തിൽ ബാലപഞ്ചായത്ത് അഥവാ ബാലനഗരസഭ എന്നിങ്ങനെ ബാലസഭയുടെ ത്രിതല സംവിധാനവും രൂപപ്പെടുത്തിയിട്ടുണ്ട്. വിനോദങ്ങളിലൂടെയുള്ള വിജ്ഞാന സമ്പാദനം, സംഘബോധം, നേതൃത്വശേഷി, സഹകരണ മനോഭാവം, അവകാശാധിഷ്ഠിത പ്രവർത്തനങ്ങളിലൂടെ ജനാധിപത്യ ബോധം, സർഗശേഷി, വ്യക്തിത്വ വികാസം, പരിസ്ഥിതി ബോധം തുടങ്ങിയ മൂല്യങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കുക എന്നതാണ് ബാലസഭകളിലൂടെ ലക്ഷ്യമിടുന്നത്. വിവിധങ്ങളായ ശിശുകേന്ദ്രീകൃത പരിപാടികളിലൂടെ അവരുടെ കഴിവുകൾ വിപുലപ്പെടുത്തുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് ബാലസഭയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ. ഇതിൻറെഭാഗമായി എല്ലാ വർഷവും ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ബാലപാർലമെൻറുകൾ സംഘടിപ്പിക്കാറുണ്ട്.