തീഗോളങ്ങള്‍ മറികടന്ന് മാസ്മരിക പ്രകടനവുമായി 122 ഇൻഫന്ററി ബറ്റാലിയൻ ടീം. ഉത്തരവാദിത്ത ടൂറിസം ആന്റ് ടെക്‌സ്‌റ്റൈല്‍ ആര്‍ട്ട് ഫെസ്റ്റിന്റെ ഭാഗമായാണ് കരസേനയുടെ 122 ഇൻഫന്ററി ബറ്റാലിയൻ (ടി എ) മദ്രാസ്, വെസ്റ്റ്ഹിൽ ടീമിന്റെ നേതൃത്വത്തിൽ ആർമി മാർഷ്വൽ ഷോ അവതരിപ്പിച്ചത്.

ചെണ്ടമേളത്തോടെ തുടങ്ങിയ പരിപാടിയിൽ ഫയർ ഡാൻസും വാളും പരിചയും ഉറുമിയും ഉപയോഗിച്ചുള്ള കളരിമുറകളും അരങ്ങേറി. ഓരോ പ്രകടനവും ശ്വാസം അടക്കിപ്പിടിച്ചാണ് കാണികൾ കണ്ടു തീർത്തത്. എതിരാളികളെ ആയുധമില്ലാതെ കീഴടക്കുന്ന അഭ്യാസമുറകളും അവതരിപ്പിച്ചു.

കേണൽ ഡി നവീൻ ബൻജിത്തിന്റെ നേതൃത്വത്തിലുള്ള 30 പേരടങ്ങിയ സംഘമാണ് നല്ലൂർ ഇ കെ നായനാർ മിനി സ്റ്റേഡിയത്തിൽ ബുധനാഴ്ച വൈകീട്ട് സംഗീത-ആയോധന കലാപരിപാടി അവതരിപ്പിച്ചത്.