2024 ലോകസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്തിമ വോട്ടർ പട്ടിക ജനുവരി 22 ന് പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വോട്ടർ പട്ടികയിൽ പുതിയതായി പേര് ചേർക്കൽ, നീക്കം ചെയ്യൽ, തിരുത്തൽ, സ്ഥലം മാറി പോയ വോട്ടുകളുടെ ക്രമീകരണം തുടങ്ങിയ അവകാശങ്ങളും ആക്ഷേപങ്ങളും തീർപ്പാക്കുന്നതിനുള്ള സമയം ജനുവരി 12 വരെ വരെ നീട്ടി.

തിരഞ്ഞെടുപ്പുമായി ബന്ധപ്പട്ട് വിവിധ രാഷ്ട്രീയ പാർട്ടികളുമായി ചേർന്ന യോഗത്തിൽ ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ അധ്യക്ഷനായി.പുതിയതായി വോട്ടർ പട്ടികയിൽ പേര് ചേർക്കുമ്പോൾ രേഖകൾ, ഫോട്ടോ തുടങ്ങിയവയിൽ തിരത്തലുകൾ ഉണ്ടെങ്കിൽ ബൂത്ത് ലെവൽ ഓഫിസർമാർ വഴി ശരിയാക്കുന്നതിനുള്ള നിർദ്ദേശം നൽകുമെന്നും ജില്ലാ കലക്ടർ പറഞ്ഞു. കൂടാതെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരണത്തിന് ശേഷം ക്രമീകരിക്കുന്ന അപേക്ഷകൾ സപ്ലിമെന്ററി വോട്ടർ പട്ടികയായി പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കലക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി കലക്ടർ (ഇലക്ഷൻ ) എം സി ജ്യോതി, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ പി കെ ഷാജൻ (സിപിഐ(എം)) , വിജയ് ഹരി (സിപിഐ(എം)), ആന്റണി തട്ടിൽ (എഎപി), ഐ സതീഷ്കുമാർ (സിപിഐ), പി കെ സുബ്രഹ്മണ്യൻ (ബിഎസ്പി), കെ വി ദാസൻ (ഐഎൻസി), സുൽത്താൻ ബാബു (ഐയുഎംഎൽ) തുടങ്ങിയവർ പങ്കെടുത്തു.