ജില്ലാതല ജനകീയ കമ്മിറ്റി യോഗം ചേര്‍ന്നു
പുതുവര്‍ഷത്തോടനുബന്ധിച്ച് വ്യാജ മദ്യ ഉത്പാദനം, വിതരണം, ലഹരിക്കടത്ത്, ലഹരി ഉപയോഗം വിതരണം, അനധികൃത മദ്യക്കടത്ത് എന്നിവ തടയാന്‍ എക്സൈസ് വകുപ്പ് പരിശോധന ശക്തമാക്കും. ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ജില്ലാതല ജനകീയ കമ്മിറ്റി യോഗം എ.ഡി.എം കെ.നവീന്‍ ബാബുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലയില്‍ എക്സൈസ് വകുപ്പിന്റെ ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണര്‍ പി.കെ.ജയരാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ക്രിസ്മസ് പുതുവത്സര ആഘോഷക്കാലത്തെ സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് കാലയളവായി പ്രഖ്യാപിച്ച് എക്സൈസ് വകുപ്പ് വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്.
കാസര്‍കോട് ഡിവിഷന്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. കാസര്‍കോട്, ഹൊസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രണ്ട് സ്ട്രക്കിംഗ് ഫോഴ്സുകള്‍ രൂപീകരിച്ചു. ജില്ലയുടെ അതിര്‍ത്തിയില്‍ പ്രത്യേകം പട്രോളിംഗിനായി ബോര്‍ഡര്‍ പട്രോള്‍ യൂണിറ്റും കെമു (കേരള എക്സൈസ് മൊബൈല്‍ ഇന്റര്‍വെഷന്‍ യൂണിറ്റും സജീവമാണ്. അബ്കാരി മയക്കുമരുന്ന് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ജില്ലയിലെ സ്ഥിരം കുറ്റവാളികളുടെ വിവങ്ങള്‍ ശേഖരിച്ച് നിരീക്ഷിച്ചുവരികയാണ്. മദ്യം മയക്കുമരുന്ന് കള്ളക്കടത്ത് തടയുന്നതിന് ജില്ലയിലുടനീളം വാഹന പരിശോധനയും കര്‍ശനമാക്കിയതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണര്‍ പി.കെ.ജയരാജ് പറഞ്ഞു.
എ.ഡി.എമ്മിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ കാസര്‍കോട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അമല്‍ റെജിന്‍, ഹൊസ്ദുര്‍ഗ് എക്സൈസ്് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.ദിലീപ്, വിമുക്തി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.എം.സ്നേഹ, വിദ്യാഭ്യാസ വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ബി.സുരേന്ദ്രന്‍, കാസര്‍കോട് റെയിഞ്ച് എസ്.എഫ്.ഒ പി.പ്രവീണ്‍ കുമാര്‍, ഫുഡ് സേഫ്റ്റി അസിസ്റ്റ് കമ്മീഷ്ണര്‍ കെ.വിനോദ് കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി അബ്ദുള്ള കുഞ്ഞി ചെര്‍ക്കള തുടങ്ങിയവര്‍ പങ്കെടുത്തു.
ഒരു മാസത്തിനിടെ 629 റെയ്ഡുകള്‍, 509 കേസുകള്‍
നവംബര്‍ 23 മുതല്‍ ഡിസംബര്‍ 26 വരെ എക്സൈസ് വകുപ്പ് നടത്തിയത് 629 റെയ്ഡ്. സംയുക്ത റെയ്ഡുകളിലായി 85 അബ്കാരി കേസുകളും 18 എന്‍.ഡി.പി.എസ് കേസുകളും 46 കോട്പ കേസുകളും രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി രണ്ട് ലിറ്റര്‍ ചാരായം, 770 ലിറ്റര്‍ വാഷ്, 105.640 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം, 3905.075 ലിറ്റര്‍ ഇതര സംസ്ഥാന ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം, അഞ്ച് ലിറ്റര്‍ ബിയര്‍, 4.535 കിലോഗ്രാം കഞ്ചാവ്, ഒരു കഞ്ചാവ് ചെടി, 28.5 ഗ്രാം എം.ഡി.എം.എ, 2.5 ഗ്രാം മെത്താഫിറ്റമിന്‍, 430 ഗ്രാം ആംഫറ്റമിന്‍ ടാബ്ലറ്റ്, 491.250 കിലോഗ്രാം പുകയില ഉത്പന്നങ്ങള്‍ എന്നിവ പിടിച്ചെടുത്തു. ആകെ 16048 വാഹന പരിശോധന നടത്തിയതില്‍ അബ്കാരി കേസുകളില്‍ എട്ട് വാഹനങ്ങളും എന്‍.ഡി.പി.എസ് കേസുകളിലായി ആറ് വാഹനങ്ങളും ഒരു മാസത്തിനിടെ കാസര്‍കോട് ഡിവിഷനില്‍ പിടിച്ചെടുത്തു.
എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങളോടൊപ്പം വിവിധ ലഹരി വിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടത്തിവരികയാണ്. ജില്ലയിലെ വിവിധ ഇടങ്ങളിലായി കഴിഞ്ഞ ഒരു മാസത്തിനിടെ 145 ബോധവത്കരണ പരിപാടികള്‍ നടത്തി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി 105 സംവാദ സദസ്സുകളും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഒമ്പത് ലഹരി വിരുദ്ധ സദസ്സും പൊതുജനങ്ങളെ കേന്ദ്രീകരിച്ച് 31 ലഹരി വിരുദ്ധ പരിപാടികളും സംഘടിപ്പിച്ചു.