ജില്ലയില്‍ എല്ലാ വില്ലേജിലും ബുദ്ധമത വിശ്വാസികളുമായി ബന്ധപ്പെട്ട മുഴുവന്‍ അപേക്ഷകളും തീര്‍പ്പായതായും വരുന്ന അപേക്ഷകള്‍ കാലതാമസമില്ലാതെ തീര്‍പ്പാക്കുമെന്നും ജില്ലാ ഭരണകൂടം. സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ അംഗം എ. സൈഫുദീന്‍ ഹാജിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങിലാണ് ജില്ലാ ഭരണകൂടം ഇക്കാര്യം അറിയിച്ചത്. ന്യൂനപക്ഷ വിഭാഗമായ ബുദ്ധമത വിശ്വാസികള്‍ക്ക് സമുദായ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നത് ഉള്‍പ്പടെ വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള മഹാബോധി മിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എന്‍. ഹരിദാസ് ബോധ് നല്‍കിയ പരാതിയിലാണ് കമ്മിഷന്‍ നടപടി.

കിടപ്പുരോഗിയായ മുതുതല സ്വദേശി മുഹമ്മദ് ഷാഫിയുടെ കുട്ടികളുടെ വിദ്യാഭ്യാസം പൂര്‍ണമായും ഏറ്റെടുത്തതായി ജില്ലാ വനിതാശിശു വികസന ഓഫീസര്‍ അറിയിച്ചു. മുഹമ്മദ് ഷാഫിയുടെയും മാതാവിന്റെയും ചികിത്സ പാലിയേറ്റീവ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി നല്‍കാമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസ് അറിയിച്ചു. പൊതുപ്രവര്‍ത്തകനായ വയനാട് അമ്പലവയല്‍ സ്വദേശി നല്‍കിയ പരാതിയിലാണ് കമ്മിഷന്‍ ഇടപെടലിലൂട പരിഹാരമായത്.

ആകെ 12 പരാതികളാണ് കമ്മിഷന്‍ പരിഗണിച്ചത്. ഇതില്‍ ഒന്‍പത് പരാതികള്‍ തീര്‍പ്പാക്കി. പുതുതായി ഒരു പരാതി ലഭിച്ചു.