കേന്ദ്രസർക്കാരിന്റെ ക്യാച്ച് ദ റെയിൻ -2023 പോസ്റ്റ് മൺസൂൺ വിസിറ്റ് ക്യാമ്പയിനുമായി ബന്ധപ്പെട്ട് ജലശക്തി അഭിയാൻ സംഘം ജില്ലയിൽ മൂന്ന് ദിവസം പര്യടനം നടത്തി. ജലസംരക്ഷണ പ്രവർത്തനങ്ങൾക്കായി കേന്ദ്രസർക്കാർ രൂപീകരിച്ച ജലശക്തി അഭിയാന്റെ ഭാഗമായി നിർമിച്ച വിവിധ പദ്ധതികൾ കേന്ദ്ര സംഘം നേരിട്ട് സന്ദർശിച്ച് പുരോഗതി വിലയിരുത്തി.
ജലശക്തി അഭിയാൻ കേന്ദ്ര നോഡൽ ഓഫീസറും കേന്ദ്ര ധന മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറിയുമായ സുജിത്ത് കാർത്തികേയൻ, കേന്ദ്ര ഗ്രൗണ്ട് വാട്ടർ ബോർഡ് ശാസ്ത്രജ്ഞനായ കുൽദീപ് ഗോപാൽ ഭാർട്ടാര്യ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

ആദ്യ ദിനം ജില്ലാ കലക്ടറുടെ ചേമ്പറിൽ നടന്ന യോഗത്തിൽ ജില്ലയിലെ ജലസംരക്ഷണ പ്രവർത്തനങ്ങളെ കുറിച്ച് ജില്ലാ നോഡൽ ഓഫീസറും ഭൂജലവകുപ്പ് ജില്ലാ ഓഫീസറുമായ എ. അനിത നായർ, ഹൈഡ്രോജിയോളജിസ്റ്റായ എ.പി ശ്രീജിത്ത് എന്നിവർ പ്രസന്റേഷൻ അവതരിപ്പിച്ചു. വിവിധ ലൈൻ ഡിപ്പാർട്ട്മെന്റുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ, ഭൂജലവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. വിവിധ വകുപ്പുകൾ നടപ്പാക്കിയ ജില്ലയിലെ 15 ജല സംരക്ഷണ-സം പോഷണ പ്രവൃത്തികൾ സംഘം പരിശോധിച്ചു. ഇന്നലെ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ഡീ ബ്രീഫിംഗ് യോഗത്തിൽ ജില്ലയിലെ ജലശക്തി അഭിയാൻ ക്യാച്ച് ദ റെയിൻ പദ്ധതിയുടെ പ്രവർത്തനങ്ങളിൽ കേന്ദ്ര സംഘം സംതൃപ്തി രേഖപ്പെടുത്തി.