സംസ്ഥാനത്ത് നദികളുടെ വീണ്ടെടുപ്പ്, അതുവഴിയുള്ള പാരിസ്ഥിതിക പുന:സ്ഥാപനം എന്നിവയ്ക്കായി പ്രവര്‍ത്തിച്ചവരെയും ഈ രംഗത്ത് ശ്രദ്ധേയ ജനകീയ ഇടപെടലുകള്‍ നടത്തിയവരെയും പങ്കെടുപ്പിച്ച് ഹരിതകേരളം മിഷന്‍ സംസ്ഥാന തലത്തില്‍ ഈ മാസം 25, 26 തീയതികളില്‍ ദ്വിദിന നദീ പുനരുജ്ജീവന ശില്‍പശാല സംഘടിപ്പിക്കുന്നു. പുഴകളുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരുടെ അനുഭവങ്ങളും അവര്‍ അനുവര്‍ത്തിച്ച രീതിശാസ്ത്രവും ശില്‍പശാലയില്‍ അവതരിപ്പിക്കും. ഒക്‌ടോബര്‍ 25 രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് പി.എം.ജിയിലെ സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം ഹാളില്‍ ആരംഭിക്കുന്ന ശില്‍പശാലയുടെ ഉദ്ഘാടനവും, നീര്‍ത്തട മാസ്റ്റര്‍ പ്ലാന്‍ പ്രകാശനവും ജലവിഭവ വകുപ്പ് മന്ത്രി മാത്യു.ടി തോമസ് നിര്‍വ്വഹിക്കും. ഉച്ച കഴിഞ്ഞ് ധനകാര്യ വകുപ്പ്  ഡോ.ടി.എം.തോമസ് ഐസക് നദീ പുനരുജ്ജീവന ഭാവി പരിപ്രേക്ഷ്യം അവതരിപ്പിക്കും. ഹരിത കേരളം മിഷന്‍ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍ സീമ അധ്യക്ഷത വഹിക്കും. നവകേരളം കര്‍മ്മ പദ്ധതി കോര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ്,  സര്‍ക്കാര്‍ വികസന ഉപദേഷ്ടാവ് സി.എസ് രഞ്ജിത്ത്, ജല വിഭവ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍ കില ഡയറക്ടര്‍ ഡോ.ജോയ് ഇളമണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഹരിതകേരളം മിഷന്‍ സാങ്കേതിക ഉപദേഷ്ടാവും ശുചിത്വ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടറുമായ ഡോ.അജയകുമാര്‍ വര്‍മ്മ ശില്‍പശാലയില്‍ മോഡറേറ്ററായിരിക്കും.
വിവിധ മണ്ഡലങ്ങളില്‍ നദീ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എം.എല്‍.എ മാരായ ഐ.ബി സതീഷ്, ടൈസണ്‍ മാസ്റ്റര്‍, സി.കെ ശശീന്ദ്രന്‍,  എന്‍.ജയരാജ് എന്നിവരും തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ.വി.കെ പ്രശാന്ത്, കണ്ണൂര്‍ മേയര്‍ ഇ.പി ലത, കൊല്ലം  മേയര്‍ അഡ്വ.വി.    രാജേന്ദ്രബാബു, വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷര്‍, ജനകീയ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കിയവര്‍ തുടങ്ങിയവര്‍ ശില്‍പശാലയില്‍  സംസാരിക്കും. മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ നദീസംയോജനം, വരട്ടാര്‍ പുനരുജ്ജീവനം, കുട്ടമ്പേരൂര്‍, പെരുംതോട്, കബനീ നദി, കോലറയാര്‍ എന്നിവയുടെ ശുദ്ധീകരണം, കാനാമ്പുഴ പുനരുജ്ജീവനം, കാട്ടാക്കട ജലസമൃദ്ധി പദ്ധതി തുടങ്ങിയവയുടെ അവതരണം ശില്‍പശാലയില്‍ നടക്കും.