കോട്ടയം: വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് കൃഷി പരീക്ഷയിൽ നൂറു മാർക്ക്. നിലമൊരുക്കുന്നത് മുതൽ വിളവെടുപ്പ് വരെയുള്ള എല്ലാ കാര്യങ്ങളും അവർക്ക് മന:പാഠമാണ്. സ്‌കൂൾ മുറ്റത്തെ 25 സെന്റ് കരഭൂമിയിൽ നെൽ കൃഷി ചെയ്ത് അവർ തങ്ങളുടെ ഈ വർഷത്തെ കന്നിക്കൊയ്ത്ത് ഗംഭീരമാക്കി. അദ്ധ്യാപകരുടെയും നാട്ടിലെ മുതിർന്ന കർഷകരുടെയും കൃഷിഭവൻ ഉദ്യോഗസ്ഥരുടെയും മാർഗനിർദ്ദേശങ്ങൾ സ്വീകരിച്ച് പൂർണമായും ജൈവ രീതിയിലായിരുന്നു കൃഷി. ഹ്രസ്വ എന്നയിനം നെൽവിത്താണ് കൃഷിയ്ക്ക് ഉപയോഗിച്ചത്.
തലയോലപ്പറമ്പിലെ കർഷകനായ കറിയാച്ചനാണ് (കുര്യാക്കോസ്) കുട്ടികൾക്ക് വിത്ത് നൽകിയത്. വെക്കേഷണൽ ഹയർ സെക്കണ്ടറി ക്ലാസുകളിലെ 180 ഓളം വിദ്യാർത്ഥികളാണ് കൃഷിയിറക്കിയത്. സ്വന്തം കളിസ്ഥലം കൃഷിഭൂമിയാക്കാൻ തുടങ്ങിയിട്ട് നാലു വർഷത്തിലേറെയായി. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ ആയതു കൊണ്ട് ഇത്തരം പ്രാക്ടിക്കൽ ക്ലാസുകളിലൂടെ പാഠ്യവിഷയങ്ങളുമായി കുട്ടികൾക്ക് ഏറെ അടുപ്പം സൃഷ്ടിക്കുവാൻ സാധിക്കാറുണ്ട് എന്ന് സ്‌കൂൾ പ്രിൻസിപ്പാൾ ജ്യോതി.സി പറയുന്നു. ക്ലാസ് മുറികളിലെ വിദ്യാഭ്യാസത്തെക്കാൾ തുറന്ന ചുറ്റുപാടുകളിൽ നിന്ന് കുട്ടികൾ പാഠങ്ങൾ മന:പാഠമാക്കണമെന്നും അതുവഴി വിദ്യാർത്ഥികൾക്ക് മാനസികോല്ലാസത്തിന് വഴിയൊരുക്കുമെന്നും ടീച്ചർ കൂട്ടിചേർത്തു.
ചേട്ടന്മാരുടെയും ചേച്ചിമാരുടെയും നെൽ കൃഷി കണ്ട് പഠിക്കാനും ഒഴിവു സമയങ്ങളിൽ അവരെ സഹായിക്കാനും ഹൈസ്‌കൂൾ വിദ്യാർത്ഥികളും എത്താറുണ്ട്. ഹെഡ്മിസ്ട്രസ് സതി കുമാരിയുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ നെൽകൃഷിയിൽ സഹായത്തിന് എത്തുന്നത്. പ്രളയത്തിൽ കൃഷിയിടം വെള്ളത്തിലായി പോയെങ്കിലും കുട്ടികളുടെ കഠിന പ്രയ്തനത്തിന്റെ ഫലമായി 50 കിലോഗ്രാം നെല്ല് കൊയ്തെടുത്തു. അധ്യാപകരായ അനീഷ്, രാജേഷ്, ജാൻസി എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികൾ ഈ വിജയം നേടിയത്.

കൊയ്ത നെല്ല് പുഴുങ്ങി ഉണക്കി കുത്തി ജൈവ അരിയാക്കാനുള്ള ശ്രമത്തിലാണ് വിദ്യാർത്ഥികൾ. സ്‌കൂളിലെ ഉച്ചഭക്ഷണത്തിനു വേണ്ടിയും എൻ എസ് എസ് ക്യാമ്പിലേക്കുള്ള ഭക്ഷണത്തിനായും ഉപയോഗിക്കും. വൈക്കോൽ കൂൺ കൃഷിക്കായി മാറ്റി വെച്ചിട്ടുണ്ട്.
വൈക്കം മുഹമ്മദ് ബഷീർ ജന്മദിനമായ ജനുവരി എട്ടിന് പുത്തരിപായസമുണ്ടാക്കി എല്ലാവർക്കും വിതരണം ചെയ്യാനാണ് കുട്ടികളുടെ ആഗ്രഹം.
കൊയ്ത്തുത്സവം കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സന്തോഷ്, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് മെമ്പർ തുളസി മധുസൂദനൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് പി പി കലേശൻ, വൈസ് പ്രസിഡന്റ് ഷൈല എന്നിവർ പങ്കെടുത്തു.