തൃശൂര്‍ ജില്ലാ പഞ്ചായത്ത് പദ്ധതികള്‍ ഏവര്‍ക്കും മാതൃക: മന്ത്രി കെ രാജന്‍

തൃശൂര്‍ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തു നടത്തുന്ന പദ്ധതികള്‍ ഏവര്‍ക്കും മാതൃകയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. 28 വയസ്സ് തികഞ്ഞ ജില്ലാ പഞ്ചായത്തിന്റെ 28 ഇന കര്‍മ്മ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സാംസ്‌ക്കാരിക കേരളത്തിന്റെ തലസ്ഥാനം തൃശൂര്‍ തന്നെയാണെന്ന് വീണ്ടും ഉറപ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ത്രിതല പഞ്ചായത്ത് സംവിധാനങ്ങളെ പ്രയോജനപ്പെടുത്തി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്നത്. വിദ്യാഭ്യാസ പരിപാടിയായ സമ്മേതവും ആരോഗ്യരംഗത്തെ കാന്‍ തൃശ്ശൂരുമെല്ലാം സാധാരണക്കാരുടെ പ്രശ്‌നങ്ങളെ ഏറ്റെടുത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സംയോജിപ്പിച്ചുള്ള മാതൃക പദ്ധതികളാണെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ അധ്യക്ഷനായി. സമേതം പദ്ധതിരേഖ 2023-24 ന്റെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മന്ത്രിക്ക് കൈമാറി നിര്‍വഹിച്ചു. മികച്ച വിദ്യാഭ്യാസ മാതൃക പദ്ധതിയായി സമേതത്തെ പരിഗണിച്ച് സംസ്ഥാനത്താകെ നടപ്പാക്കണമെന്ന സര്‍ക്കാരിനോടുള്ള അഭ്യര്‍ത്ഥനയും സമേതം പദ്ധതി മുന്നോട്ടുവച്ചു.

ലൈഫ് ഗുണഭോക്താക്കള്‍ക്ക് വീടും സ്ഥലവും നല്‍കുന്നതിനായി 19.27 കൊടി രൂപ അനുവദിച്ചതിന്റെ വിതരണം, അങ്കണവാടികള്‍ക്കുള്ള വാട്ടര്‍ പ്യൂരിഫയര്‍ വിതരണം, ഗ്രന്ഥശാലകള്‍ക്കുള്ള കസേര വിതരണം, സ്‌കൂളുകളിലേക്കുള്ള ലാപ്‌ടോപ്പ് വിതരണം, വയോജനങ്ങള്‍ക്കായുള്ള ഒളരിക്കരയിലെ സുശാന്തം പദ്ധതിയുടെ കെട്ടിടത്തിന്റെ രണ്ടാംഘട്ട നിര്‍മ്മാണ ഉദ്ഘാടനം, കാര്‍ഷിക മേഖലയ്ക്കുള്ള മോട്ടോര്‍ പമ്പ് സെറ്റ് വിതരണം, എസ് സി വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണത്തിന് ഗ്രാമപഞ്ചായത്തുകള്‍ക്ക് വിഹിതം നല്‍കല്‍, ഭിന്നശേഷിക്കാരുടെ പുനരധിവാസനായുള്ള രാമവര്‍മ്മപുരത്തെ ശുഭാപ്തി പുനരധിവാസ കേന്ദ്രം, കളക്ടറേറ്റിലെ ടേക്ക് എ ബ്രേക്ക് പദ്ധതി, ജില്ലാ ഹോമിയോ ആശുപത്രിയിലെ ഓട്ടോമാറ്റിക് ഹോര്‍മോണ്‍ അനലൈസര്‍ തുടങ്ങിയ വികസന പദ്ധതികളുടെ ഉദ്ഘാടനം നടന്നു. മറ്റ് വികസന പദ്ധതികള്‍ ജനുവരി 30ന് അകം ജനങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഈ വര്‍ഷത്തെ കേരളോത്സവ വിജയികള്‍ക്കുള്ള എവര്‍ റോളിംഗ് ട്രോഫി പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്തിന് സമ്മാനിച്ചു.

കളക്ടേറേറ്റ് അനക്‌സ് ഹാളില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എസ് ബസന്ത് ലാല്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ വി വല്ലഭന്‍, സെക്രട്ടറി പി എസ് ഷിബു, മറ്റു ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.