അച്ചടക്കവും സാമൂഹ്യ പ്രതിബദ്ധതയുമുള്ള സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ എസ് പി സി നിര്‍ണായക പങ്ക് വഹിക്കുന്നുവെന്ന് ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണി. തങ്കശ്ശേരി ഇന്‍ഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന എസ് പി സി സീനിയര്‍ കേഡറ്റുകളുടെ സെറിമോണിയല്‍ പരേഡോടുകൂടിയ മഴവില്ല് ജില്ലാ ക്യാമ്പ് സമാപനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ എസ് പി സി പ്രവര്‍ത്തനങ്ങള്‍ മറ്റു സംസ്ഥാനങ്ങള്‍ മാതൃകയാക്കുന്നു. പരിസ്ഥിതി സംരക്ഷണ ബോധം,ദുരന്തഘട്ടങ്ങളില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാനുള്ള മനോഭാവം, ലഹരി വിരുദ്ധ സമൂഹത്തെ സൃഷ്ടിക്കല്‍ തുടങ്ങിയവ വിദ്യാര്‍ഥികളില്‍ വളര്‍ത്തുക എന്ന ദൗത്യവും എസ് പി സി വഴി സാധ്യമാകുന്നുവെന്നും മന്ത്രി പറഞ്ഞു.

പ്ലറ്റൂണുകളെ നയിച്ച കേഡറ്റുകള്‍, ഇന്‍സ്ട്രക്ടര്‍മാര്‍, 10 വര്‍ഷം പൂര്‍ത്തിയാക്കിയ കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാര്‍, ഇന്‍സ്ട്രക്ടര്‍മാര്‍ തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു.പേരൂര്‍ എം വി ജി വി എച്ച് എസ് എസ് സി പി ഒ കണ്‍വീനര്‍ ജി സജി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. 34 സ്‌കൂളുകളില്‍ നിന്നുള്ള സീനിയര്‍ കേഡറ്റ് കുട്ടികള്‍ക്കുള്ള അഞ്ചു ദിവസത്തെ ക്യാമ്പാണ് സംഘടിപ്പിച്ചത്.

കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ വിവേക്കുമാര്‍ , എസ് പി സി ജില്ലാ നോഡല്‍ ഓഫീസര്‍ സഖറിയ മാത്യു, ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ബി രാജേഷ്, വെസ്റ്റ് പോലീസ് സ്റ്റേഷന്‍ എസ് പി സി പി എസ് എല്‍ ഒ ഐ എസ ്എച്ച് ഒ ബി ഷെഫീഖ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ സില്‍വി ആന്റണി, സി പി ഒ മഹേഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.