സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് ജില്ലയിലെ സാംസ്‌കാരിക-യുവജന-വ്യവസായ സംഘടനകള്‍ കേരളത്തിന് മുന്നില്‍ കൊല്ലത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായി മാറണമെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍. തേവള്ളി സര്‍ക്കാര്‍ മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സംയുക്ത ട്രേഡ്, വിദ്യാഭ്യാസ, വ്യാവസായ, വാണിജ്യ സംഘങ്ങളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സ്‌കൂള്‍ അടിസ്ഥാനത്തില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന മേളയായി 62-മത് കേരള സ്‌കൂള്‍ കലോത്സവത്തെ മാറ്റാന്‍ സാധിക്കുമെന്നും ഇളമ്പള്ളൂര്‍ മുതല്‍ അഞ്ചാലുംമൂട് വരെയുള്ള വിവിധ സ്‌കൂളുകളില്‍ മത്സരങ്ങളില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്നും ഇതിനായി വിവിധ കമ്മിറ്റികളെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.
മത്സരങ്ങള്‍ക്കായി ജില്ലയില്‍ എത്തുന്നവര്‍ക്ക് ആവശ്യമായ എല്ലാ സഹകരണങ്ങളും ജില്ല ഒന്നടങ്കം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. സാംസ്‌കാരിക യുവജന സംഘടനകളുടെ സര്‍വത്രിക പിന്തുണ സ്‌കൂള്‍ കലോത്സവം വന്‍വിജയമാക്കുന്നതിന് അനിവാര്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കക്ഷിരാഷ്ട്രീയങ്ങള്‍ക്ക് അതീതമായി സംഘടനകള്‍ സ്‌കൂള്‍ കലോത്സവത്തെ മഹോത്സവമായി ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു. എം നൗഷാദ് എം എല്‍ എ അധ്യക്ഷനായി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ്, അഡീഷണല്‍ ഡയറക്ടര്‍മാര്‍, സംഘടനാ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.