ഒന്നാംവിള നെല്ല് സംഭരിച്ച കര്‍ഷകര്‍ക്ക് സംഭരണ തുക അപേക്ഷകള്‍ക്ക് ലഭ്യമാകുന്ന മുറയ്ക്ക് പരിഗണന നല്‍കണമെന്ന് ജില്ലാ കലക്ടര്‍. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് നിര്‍ദേശം. കര്‍ഷകര്‍ക്ക് നെല്ല് സംഭരണ തുക നല്‍കുന്നതിനായി സീനിയോറിറ്റി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതിനു തടസമാകരുതെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.
തുക നല്‍കുന്നതിനുള്ള നടപടി വേഗത്തിലാക്കാന്‍ ലീഡ് ബാങ്ക് മാനേജരോട് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്ക് തുക ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിന് ബാങ്കുകള്‍ക്ക് ലീഡ് ബാങ്ക് നിര്‍ദേശം നല്‍കണം. ഒരേ ബാങ്ക് വഴി എല്ലാ തവണയും തുക ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുന്നതിന് സപ്ലൈകോയ്ക്കും നിര്‍ദേശം നല്‍കി. ഓരോ തവണയും പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങേണ്ടി വരുന്നത് കര്‍ഷകര്‍ക്ക് പ്രയാസമുണ്ടാക്കുന്നുണ്ടെന്നും ജില്ലാ കലക്ടര്‍ യോഗത്തില്‍ വ്യക്തമാക്കി.
കര്‍ഷകര്‍ക്ക് നല്‍കാനുള്ള ഉഴവുകൂലിയില്‍ ജില്ലാ പഞ്ചായത്ത് വിഹിതം നല്‍കുന്നതിന് നടപടി ആരംഭിച്ചിട്ടുണ്ട്. 1,99,06,899 രൂപയുടെ ക്ലെയിം ട്രഷറിയില്‍ സമര്‍പ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി ഇതുവരെ 51,12,055 രൂപ വിതരണം ചെയ്തു. 63.6 ലക്ഷം രൂപ വിതരണം ചെയ്യുന്നതിനുള്ള നടപടി അവസാനഘട്ടത്തിലാണ്. ഗ്രാമപഞ്ചായത്ത് വിഹിതം 1,35,89,637 രൂപ കൃഷി ഭവന്‍ മുഖേന നല്‍കി കഴിഞ്ഞു. 33,97,375 രൂപയുടെ നടപടി ഉടന്‍ പൂര്‍ത്തിയാകും.
വി.എഫ്.പി.സി.കെയുടെ സഹകരണത്തോടെ സഹകരണ ബാങ്കുകളെയും ഉള്‍പ്പെടുത്തി പച്ചത്തേങ്ങ / കൊപ്ര സംഭരണം നടത്തുന്നതിന് നടപടി സ്വീകരിക്കുന്നതിനായി ബാങ്ക് പ്രതിനിധികളുടെ യോഗം ചേരുന്നതിന് ജോയിന്റ് രജിസ്ട്രാറെ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തി.
പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ലഹരി ഉപയോഗം തടയുന്നതിനായി എക്സൈസ്-പോലീസ് പരിശോധന കര്‍ശനമാക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ശ്രീകൃഷ്ണപുരം -കടമ്പഴിപ്പുറം പ്രദേശത്ത് മയക്കുമരുന്ന് ഉപയോഗം രൂക്ഷമായ സാഹചര്യം തടയുന്നതിനായി പോലീസ് പട്രോളിങ് ശക്തമാക്കിയെന്നും കടകളില്‍ പരിശോധന നടത്തുന്നതിനും മഫ്തിയില്‍ പോലീസ് ഉദ്യോഗസ്ഥരെ അയച്ചു മയക്കുമരുന്ന് കണ്ടെത്തുന്നതിനും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവിയുടെ പ്രതിനിധി യോഗത്തില്‍ അറിയിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസനസമിതി യോഗത്തില്‍ സബ് കലക്ടര്‍ ഡോ.മിഥുന്‍ പ്രേംരാജ്, ആര്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ സച്ചിന്‍ കൃഷ്ണ, വൈദ്യുത മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി എസ്. വിനോദ്, രമ്യാ ഹരിദാസ് എം.പിയുടെ പ്രതിനിധി ടി. എ. മാധവന്‍, ആര്‍.ഡി.ഒ ഡി. അമൃതവല്ലി, ജില്ലാ പ്ലാനിങ് ഓഫീസര്‍ എന്‍.കെ ശ്രീലത, വകുപ്പ് മേധാവികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.