ജില്ലാ സ്പോർട്സ് കൗൺസിൽ സംഘടിപ്പിക്കുന്ന കായിക മഹോത്സവത്തിന്റെ ഭാഗമായി നടന്ന
“കളി വർത്തമാനം” ചർച്ചയിൽ മുൻ താരങ്ങളും പരിശീലകരും രാഷ്ട്രീയ നേതാക്കളും സാംസ്കാരിക നായകരും ഒത്തുകൂടിയപ്പോൾ കോട്ടക്കുന്നിൽ വിരിഞ്ഞത് ഓർമ്മകളുടെ മലപ്പുറം കായിക ഗാഥ. മുൻ ജില്ലാ പോലീസ് മേധാവി യു. അബ്ദുൽ കരീം ചർച്ചക്ക് നേതൃത്വം നൽകി.
കളി അനുഭവങ്ങളുടെ പങ്കുവെക്കലാണ് ഈ കളി വർത്തമാനമെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി.പി അനിൽ കുമാർ സ്വാഗതപ്രസംഗത്തിൽ വിവരിച്ചു. എല്ലാ കായിക ഇനങ്ങളിലും ശക്തമായ ടീം മലപ്പുറത്തിനുണ്ടെന്നു പി.ഉബൈദുല്ല എം.എൽ.എ പറഞ്ഞു.
മലപ്പുറത്തെ ഫുട്ബോൾ ചരിത്രത്തിൽ എം.എസ്.പി ക്യാമ്പിന്റെ നിർണ്ണായക പങ്കിനെ കുറിച്ചു സംസാരിച്ച മുൻ മന്ത്രി ടി.കെ ഹംസ പഠന കാലത്തെ കായിക ഓർമ്മകളും പങ്കുവെച്ചു. കായിക ആസ്വാദകൻ എന്ന നിലയിലുള്ള തന്റെ അനുഭവങ്ങളെ കുറിച്ചാണ് പി.വി അബ്ദുൽ വഹാബ് എം.പി സംസാരിച്ചത്. സ്പോർട്സ് എന്നത് ജാതി മത രാഷ്ട്രീയ ഭേദമന്യേ ഐക്യപ്പെട്ട് നിൽക്കുന്നതാണെന്നും സ്പോർട്സിനെ വളർത്താനുള്ള സൗകര്യങ്ങൾ സ്വകാര്യ മേഖലയിൽ നിന്നു കൂടി തുടങ്ങണമെന്നും ഒരു സ്പോർട്സ് കോംപ്ലക്സ് ജനപ്രതിനിധികൾ ജില്ലയിൽ കൊണ്ട് വരണമെന്നും സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എ.പി ശംസുദ്ധീൻ പറഞ്ഞു.
ജില്ലയിലെ ഫുട്ബോളിന്റെ അതിപ്രസരത്തിനിടയിൽ ക്രിക്കറ്റിനായി ഒരു മൈതാനം സാധ്യമാക്കിയ അനുഭവം ക്രിക്കറ്റ് സ്റ്റേറ്റ് കൗൺസിൽ പ്രസിഡന്റ് എസ്.കെ ഹരിദാസ് പങ്കുവെച്ചു. മുൻ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി ശംസുദ്ധീൻ ഫുട്ബോൾ ക്ലബ് രൂപീകരിച്ചതിന്റ ഓർമ്മ പങ്കുവെച്ചു.
സംഗീതത്തെ പോലെ തന്നെ കായിക മേഖലക്കും അതിന്റെതായുള്ള ഈണവും താളവും ഉണ്ടെന്ന് സംഗീതജ്ഞനും മുൻ ഫുട്ബോൾ കോച്ചുമായ കെ.വി അബൂട്ടി പറഞ്ഞു. മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടി, സയ്യിദ് മുഈൻ അലി ശിഹാബ് തങ്ങൾ, എം.മുഹമ്മദ് സലീം, എം.ആർ. പി മുഹമ്മദ് അലി, അഡ്വ. സഫറുള്ള, പി. ഹബീബ് റഹ്മാൻ, ടി. സുരേന്ദ്രൻ തുടങ്ങിയവരും ചർച്ചയിൽ പങ്കു ചേർന്നു. സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് ഋഷികേശ് കുമാർ നന്ദി പറഞ്ഞു.