കേരളസർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസനകേന്ദ്രം (ഐസിഫോസ്) സംഘടിപ്പിക്കുന്ന രണ്ടാം ഇന്റർനാഷണൽ കോൺഫറൻസ് മാർച്ച് 21-22 തീയതികളിലായി കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബിൽ പ്രവർത്തിക്കുന്ന ഐസിഫോസ് ക്യാമ്പസിൽ സംഘടിപ്പിക്കുന്നു. ‘കമ്പ്യൂട്ടേഷണൽ ഇന്റലിജൻസിലെയും ഭാഷാസാങ്കേതികതവിദ്യയിലെയും സ്വതന്ത്ര സോഫ്റ്റ് വെയർ (ഫോസ്) സമീപനങ്ങൾ’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ കോൺഫറൻസിലേക്ക് ജനുവരി 30വരെ പ്രബന്ധങ്ങൾ സമർപ്പിക്കാം.
ഭാഷാസാങ്കേതികവിദ്യയുടെ വിവിധ മേഖലകളിൽ താത്പര്യമുള്ള വിദ്യാർഥികൾ, ഗവേഷകർ, എൻജിനിയർമാർ, ജീവനക്കാർ എന്നിവർക്ക് ഒരുമിച്ച് പ്രവർത്തിക്കുന്നതിനുള്ള അവസരം നൽകുകയും കമ്പ്യൂട്ടേഷണൽ ഇന്റലിജൻസും, ഭാഷാസാങ്കേതികതയും എന്നീ രണ്ട് അനുബന്ധ പഠനമേഖലകളെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു അന്തർവൈജ്ഞാനിക പഠനമേഖലകളിലേക്ക് സൈദ്ധാന്തികവും പ്രായോഗികവുമായ സംഭാവനകൾ ലഭ്യമാക്കുക എന്നതാണ് ഈ കോൺഫറൻസിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.
കോൺഫറൻസിൽ പങ്കെടുക്കുന്നവർക്ക് ചർച്ചകളിലൂടെ തങ്ങളുടെ ന്യൂതനാശയങ്ങൾ പങ്കുവെയ്ക്കുന്നതിനും ഫോസ് അടിസ്ഥാനത്തിലുള്ള കമ്പ്യൂട്ടേഷണൽ ഇന്റലിജൻസിലെയും ഭാഷാസാങ്കേതികതയിലെയും നവീന മുന്നേറ്റങ്ങളെക്കുറിച്ച് മനസിലാക്കുന്നതിനുള്ള അവസരം നൽകുന്നു. പ്രബന്ധാവതാരകർക്ക് തങ്ങളുടെ ഗവേഷണത്തെക്കുറിച്ച് വ്യത്യസ്ത മേഖകളിൽ നിന്നുള്ള ഗവേഷകരോടൊപ്പം ആശയങ്ങൾ പങ്കുവെയ്ക്കുന്നതിനും സജീവമായ ചർച്ചകളിൽ ഏർപ്പെടുന്നതിനും ഈ കോൺഫറൻസ് വഴിയൊരുക്കും. കൂടാതെ കോൺഫറൻസിൽ ഉൾപ്പെടുത്തിയിട്ടുള്ള പോസ്റ്റർ സെഷനിൽ ഗവേഷകർക്ക് അവരുടെ ഗവേഷണങ്ങൾ പോസ്റ്റർ രൂപത്തിൽ പ്രദർശിപ്പിക്കുന്നതിനും സമാനമേഖലയിൽ പ്രവർത്തിക്കുന്ന ഗവേഷകരിൽ നിന്നും അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുന്നതിനുമുള്ള അവസരവും ലഭിക്കും.
യുജിസി-കെയർ ലിസ്റ്റിൽ (ഗ്രൂപ്പ്-1) പട്ടികപ്പെടുത്തിയിട്ടുള്ള അനുയോജ്യമായ ഐസിടിഎസി ജേണലുകളിൽ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്നതിനായി ശുപാർശ ചെയ്യും. ഐസിടിഎസി അക്കാദമിയുടെ പിയർ റിവ്യൂ പ്രക്രിയയ്ക്ക് ശേഷം മാത്രമേ ഈ പ്രബന്ധങ്ങൾ പ്രസിദ്ധീകരണത്തിനായി തിരഞ്ഞെടുക്കും.
കോൺഫറൻസിൽ അവതരിപ്പിക്കുന്ന മറ്റ് പ്രബന്ധങ്ങൾ പിയർ റിവ്യൂ നടത്തിയതിനുശേഷം സ്‌കോപ്പസ് ഇൻഡെക്‌സ്ഡ് ജേണലുകളിൽ പ്രസിദ്ധീകരിക്കും. കോൺഫറൻസ് വിധികർത്താക്കൾ തെരഞ്ഞെടുക്കുന്ന മികച്ച പ്രബന്ധത്തിനും പോസ്റ്ററിനും അവാർഡുകൾ സമ്മാനിക്കും.
പൂർണ്ണ രൂപത്തിലുള്ള പ്രബന്ധം https://fosscilt.icfoss.org എന്ന വെബ്‌സൈറ്റ് മുഖേന സമർപ്പിക്കുക. രജിസ്‌ട്രേഷനും ഫീസും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് https://fosscilt.icfoss.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.