പുതുവത്സരദിനത്തിൽ ഐ.എസ്.ആർ.ഒ യോടൊപ്പം പുതു ചരിത്രം കുറിച്ചിരിക്കുകയാണ് പൂജപ്പുര എൽ ബി എസ് വനിതാ എഞ്ചിനീയറിംഗ് കോളേജിലെ വനിതാരത്‌നങ്ങളെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

കേരളീയ പെൺകരുത്തിന്റെ ചരിത്ര നേട്ടമായി എൽ ബി എസ് വനിതാ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിനികളുടെ മുൻകൈയിലൊരുങ്ങിയ വി-സാറ്റ്, പി.എസ്.എൽ.വി സി-58ന്റെ ഭാഗമായി ബഹിരാകാശ പഥത്തിലേക്ക് കുതിച്ചുയർന്നതിൽ അഭിമാനിക്കാം.

കേരളത്തിന്റെ ശാസ്ത്ര സാങ്കേതിക വിദ്യാമേഖലയിൽ വലിയൊരു കുതിച്ചുചാട്ടമാണിത്. കോളേജിലെ സ്ത്രീ ശാക്തീകരണത്തിന്റെ ഉത്തമ ഉദാഹരണമാണ് അധ്യാപികമാരും വിദ്യാർത്ഥിനികളും ചേർന്നൊരുക്കിയ വീ സാറ്റ് ഉപഗ്രഹം.

പി.എസ്.എൽ.വി സി-58 ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് ഉയർന്നുപൊങ്ങിയ ഈ ഉദ്യമത്തിന് സർക്കാർ ധനസഹായമെന്നനിലയിൽ 31 ലക്ഷം രൂപ നൽകിയിരുന്നു. ഡോ. ലിസി ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സമർത്ഥമായ കൂട്ടായ്മയ്ക്ക് പ്രത്യേക പരാമർശവും അഭിനന്ദനങ്ങളും നേരുന്നു.

നമ്മുടെ ബഹിരാകാശ പര്യവേഷണ ശ്രമങ്ങളിലെ ഏറ്റവും തിളക്കമാർന്നൊരു അധ്യായമായി വീ സാറ്റ് ചരിത്രത്തിൽ ഇടം പിടിച്ചിരിക്കുകയാണ്. പൊൻതിളക്കമാർന്ന സംരംഭത്തിന് മുൻകൈ എടുത്ത അധ്യാപകർക്കും ഗവേഷകർക്കും വിദ്യാർത്ഥികൾക്കും ഐ എസ് ആർ ഒയ്ക്കും കേരള സർക്കാരിനേയും  ഉന്നതവിദ്യാഭ്യാസ വകുപ്പിനേയും പ്രതിനിധീകരിച്ച്  മന്ത്രി ഡോ. ആർ ബിന്ദു എല്ലാവിധ അനുമോദനങ്ങളും ആശംസകളും അർപ്പിച്ചു.