കുട്ടികർഷകർക്കൊപ്പം കേരളത്തിന്റെ മനസ് ചേർന്ന്നിന്ന കാഴ്ചയായിരുന്നു തൊടുപുഴ വെള്ളിയാമറ്റത്ത്.പശുക്കൾ മരണപ്പെട്ട സംഭവത്തിൽ വിഷമിച്ചുനിന്ന പതിനെട്ടും പതിനാലും വയസുള്ള കുട്ടികർഷകരുടെ വീട്ടിലേക്ക് ആശ്വാസം പകരാൻ മന്ത്രിമാരായ ജെ .ചിഞ്ചുറാണിയും , റോഷി അഗസ്റ്റിനും രാവിലെ തന്നെ എത്തി . കറവയുള്ള അഞ്ച് പശുക്കളെ കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റെ് ബോർഡിൽ നിന്നും ഇൻഷുറൻസ് പരിരക്ഷയോടെ ഒരാഴ്ചയ്ക്കുള്ളിൽ കുട്ടികർഷകർക്ക് നൽകുമെന്ന് മന്ത്രിമാർ അറിയിച്ചു.

കൂടാതെ അടിയന്തര സഹായമായി 45,000 രൂപ മിൽമ നൽകും . ഒരു മാസത്തേയ്ക്കുള്ള കാലിത്തീറ്റ സൗജന്യമായി കേരള ഫീഡ്സ് നല്കും. ത്രിതല പഞ്ചായത്തുകളുടെ സഹായം വിവിധ പദ്ധതികൾ വഴി നൽകുമെന്നും മന്ത്രിമാർ അറിയിച്ചു. മൃഗസംരക്ഷണ വകുപ്പ് കുട്ടികർഷകർക്ക് ശാസ്തീയ പശുവളർത്തലിൽ പരിശീലനവും നല്കും. കുട്ടികർഷകർക്ക് ഉണ്ടായ ദാരുണ സംഭവത്തിൽ വിശദമായ റിപ്പോർട്ട് ജില്ലാ കളക്ടർ തിങ്കളാഴ്ച തന്നെ സർക്കാരിന് സമർപ്പിച്ചിരുന്നു.