മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ഒരുക്കുന്ന സ്‌നേഹാരാമം പദ്ധതിക്ക് തുടക്കമായി. മഞ്ഞപ്ര പി.കെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെ കണ്ണമ്പ്ര കാട്ടുകുന്ന്കളത്താണ് പഞ്ചായത്തിലെ ആദ്യ സ്‌നേഹാരാമം ഒരുങ്ങുന്നത്.

പദ്ധതിയുടെ ഭാഗമായി എസ്.പി.സിയുടെ സഹകരണത്തോടെ കല്ലിങ്കല്‍പ്പാടം ജങ്ഷനിലെ കാത്തിരിപ്പുകേന്ദ്രം, പന്തലാംപാടം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെ 12-ാം വാര്‍ഡില്‍ മേരിഗിരി ജങ്ഷന്‍ എന്നിവിടങ്ങളിലും സ്‌നേഹാരാമങ്ങള്‍ ഒരുക്കും. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന പൊതുസ്ഥലങ്ങള്‍ ജനങ്ങള്‍ക്ക് വന്നിരിക്കാന്‍ കഴിയുന്ന ഇടങ്ങളാക്കി മാറ്റുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സുമതി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് എ. അയ്യപ്പന്‍ അധ്യക്ഷനായി. എന്‍.എസ്.എസ് കോ-ഓര്‍ഡിനേറ്റര്‍ പ്രവീണ്‍ ശശിധരന്‍ മുഖ്യാതിഥിയായി. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ. സുലോചന, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി. സോമസുന്ദരന്‍, പഞ്ചായത്തംഗം ലളിത നാരായണന്‍, ഗ്രാമപഞ്ചായത്ത് ജൂനിയര്‍ ക്ലാര്‍ക്ക് എം. സീന, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ യു. സുധന്യ, പി.ടി.എ ഭാരവാഹികളായ രതീഷ് കണ്ണമ്പ്ര, അനൂപ്, അധ്യാപകരായ ദിനില്‍കുമാര്‍, ബിജു വര്‍ഗീസ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ കെ.എച്ച് സിനി തുടങ്ങിയവര്‍ പങ്കെടുത്തു.