ജില്ലാ പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയുടെ ഭാഗമായുള്ള വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. സുസ്ഥിര വികസനത്തിന് പ്രാധാന്യം നല്‍കിയുള്ള പദ്ധതികളാണ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. .
പതിനാലാം പഞ്ചവത്സര പദ്ധതിയില്‍ ദാരിദ്രരഹിത കേരളം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി സഹായ പദ്ധതികള്‍ ഏറ്റെടുക്കും. കാര്‍ഷിക മേഖല, കന്നുകാലി വളര്‍ത്തല്‍, വയോജന ഭിന്നശേഷി ക്ഷേമം, പട്ടിക ജാതി പട്ടികവര്‍ഗ സമഗ്ര വികസനം, ആരോഗ്യ വിദ്യാഭ്യാസം, പാര്‍പ്പിടം, തൊഴില്‍ നൈപുണ്യ വികസനം, ജൈവ വൈവിധ്യ സംരക്ഷണം തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിവിധ വര്‍ക്കിംഗ് ഗ്രൂപ്പുകളായി തിരിഞ്ഞ് വാര്‍ഷിക പദ്ധതിയുടെ കരട് രേഖയിലേക്കുള്ള ആശയങ്ങളും നിര്‍ദ്ദേശങ്ങളും ചര്‍ച്ച ചെയ്തു. കാര്‍ബണ്‍ ന്യൂട്രല്‍ റിപ്പോര്‍ട്ട് പ്രകാശനം, ജൈവ വൈവിധ്യ പ്രദര്‍ശന വിപണന മേള, കലാവസ്ഥ ഉച്ച കോടി എന്നിവ ഫെബ്രുവരിയില്‍ നടക്കും. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ഓട്ടിസം വൈകല്യമുള്ളര്‍ക്കായി ആശുപത്രി നിര്‍മ്മിക്കുന്നതിന്റെ പ്രവൃത്തിക്ക് ഈ വര്‍ഷം തുടക്കമാകും. പത്തര കോടി ചെലവിലാണ് ആശുപത്രി നിര്‍മിക്കുക. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തിയുടെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള 1 ഏക്കര്‍ ഭൂമി നാഷണല്‍ ഹെല്‍ത്ത് മിഷന്‍ പരിശോധന നടത്തി.
കല്‍പ്പറ്റ എ.പി.ജെ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഷിക പദ്ധതി ആസൂത്രണ സമിതി അംഗം മംഗലശ്ശേരി നാരായണന്‍ വിശദീകരിച്ചു. വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷ തമ്പി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സീത വിജയന്‍, ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് താളൂര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ .പ്രദീപന്‍ തുടങ്ങിയവര്‍ സംസാരിച്ചു.