നെന്മേനി ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാൻസര്‍ രോഗ നിര്‍ണയ ക്യാമ്പ് ‘ആശാകിരണം’ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടില്‍ അധ്യക്ഷത വഹിച്ചു. വീടുകളിലെത്തി രോഗവുമായി ബന്ധപ്പെട്ട ചോദ്യാവലി പൂരിപ്പിച്ച് വാങ്ങി പരിശോധിച്ച് തിരഞ്ഞെടുത്ത 300 പേരെയാണ് ക്യാമ്പില്‍ പങ്കെടുപ്പിച്ചത്.

-വിവിധ വിഭാഗങ്ങളിലെ 6 വിദഗ്ദ ഡോക്ടര്‍മാരാണ് ക്യാമ്പിനെത്തിയവരെ പരിശോധിച്ചത്. രോഗ നിര്‍ണയത്തിന് ആവശ്യമായ ടെസ്റ്റുകള്‍ക്കുള്ള തുകയും പഞ്ചായത്ത് വഹിക്കും. ഗ്രാമ പഞ്ചായത്തില്‍ നിലവില്‍ 179 ക്യാന്‍സര്‍ രോഗികളാണുള്ളത്. രോഗബാധിതരെ തുടക്കത്തിലെ കണ്ടെത്തി ആവശ്യമായ ചികിത്സക്ക് സാഹചര്യമൊരുക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യമെന്ന് ഭരണ സമിതി നേതൃത്വം അറിയിച്ചു. –

സ്ഥിരം സമിതി അധ്യക്ഷരായ ജയ മുരളി, സുജാത ഹരിദാസ്, മെമ്പര്‍മാരായ ഷാജി കോട്ടയില്‍, ദീപ ബാബു, ജയലളിത, കെ വി കൃഷ്ണന്‍ കുട്ടി, വിനോദിനി രാധാകൃഷ്ണന്‍, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ.രമ്യ കൃഷ്ണന്‍, ഡോ.ജോബ് ആന്റണി, എച്ച് ഐ റോളി കുഞ്ഞാപ്പി, ജെഎച്ച്‌ഐമാരായ എം വി ബാബു, കെ മുത്തു, ബജിത് കുമാര്‍, കെ രജീഷ് തുടങ്ങിയവര്‍ സംസാരിച്ചു.