പട്ടികജാതി പട്ടികവർഗ്ഗ വിഷയങ്ങളിലെ മികച്ച റിപ്പോർട്ടുകൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന 2023 ലെ ഡോ. ബി.ആർ അംബേദ്ക്കർ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. അച്ചടി മാധ്യമങ്ങളിൽ ‘അറിയപ്പെടാത്തൊരു വംശഹത്യ’ എന്ന ലേഖന പരമ്പര തയ്യാറാക്കിയ മാതൃഭൂമി വയനാട് സ്റ്റാഫ് കറസ്‌പോൺന്റ് നീനു മോഹനാണ് അവാർഡ്. മംഗളം സീനിയർ റിപ്പോർട്ടർ പി.വി. നിസാർ തയ്യാറാക്കിയ ‘ചോലനായിക ശോകനായിക’ പരമ്പര ജൂറിയുടെ പ്രത്യേക പരാമർശനത്തിന് അർഹമായി.

ദൃശ്യ മാധ്യമങ്ങളിൽ ട്രൂ കോപ്പി തിങ്ക് മാഗസിനിലെ മുഹമ്മദ് ഷഫീഖിന്റെ ‘തൊഗാരി’ എന്ന ഡെക്യൂമെന്ററി അവാർഡിന് അർഹമായി. വയനാട് വിഷനിൽ വി.കെ രഘുനാഥ് തയ്യാറാക്കിയ ‘ഒരു റാവുളന്റെ ജീവിത പുസ്തകം’ ദ്യശ്യ വിഭാഗത്തിൽ പ്രത്യേക പരാമർശത്തിന് അർഹമായി.

ശ്രവ്യ വിഭാഗത്തിൽ കമ്മ്യൂണിറ്റി റേഡിയോയിൽ പൂർണ്ണിമ കെ. തയ്യാറാക്കിയ ‘തുടിച്ചെത്തം ഊരുവെട്ടം’ അവാർഡ് നേടി. ജനുവരി 10 ന് വൈകിട്ട് 3.30 ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ചേരുന്ന സമ്മേളനത്തിൽ മന്ത്രി കെ.രാധാകൃഷ്ണൻ കാഷ് അവാർഡുകളും ഫലകവും വിതരണം ചെയ്യും. പി.ആർ.ഡി ഡയറക്ടർ ടി.വി. സുഭാഷ് ചെയർമാനും, കെ.പി രവീന്ദ്രനാഥ്, സരസ്വതി നാഗരാജൻ, പ്രിയ രവീന്ദ്രൻ, രാജേഷ് കെ. എരുമേലി എന്നിവർ അംഗങ്ങളുമായ സമിതിയാണ് അവാർഡ് നിർണയിച്ചത്. അച്ചടി വിഭാഗത്തിൽ 17ഉം ദൃശ്യ വിഭാഗത്തിൽ 15ഉം ശ്രവ്യ വിഭാഗത്തിൽ രണ്ടും എൻട്രികളാണ് ജഡ്ജിംഗ് കമ്മിറ്റിയുടെ പരിഗണനയിൽ എത്തിയത്.