സിറ്റിങില്‍ 11 പരാതികള്‍ പരിഗണിച്ചു

വിവരാവകാശ നിയമ പ്രകാരം ലഭിക്കുന്ന അപേക്ഷകള്‍ക്ക് ഫയല്‍ കാണാനില്ലെന്ന് മറുപടി നല്‍കുന്നത് ശിക്ഷാര്‍ഹമാണെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ എ അബ്ദുല്‍ ഹക്കിം പറഞ്ഞു. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തെളിവെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പബ്ലിക് റെക്കോഡ്സ് ആക്ട് പ്രകാരം അഞ്ച് വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

ഫയല്‍ കാണാതാകുന്ന പരാതിയില്‍ വിവരാവകാശ നിയമവും പബ്ലിക് റെക്കോഡ്സ് ആക്ടും സമാന നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് കേന്ദ്ര വിവരാവകാശ കമ്മിഷന്‍ ഉത്തരവായിട്ടുണ്ട്. വിവരാവകാശ അപേക്ഷകളില്‍ ബന്ധപ്പെട്ട ഫയലുകള്‍ പലപ്പോഴും കാണാനില്ലെന്ന മറുപടി ആശ്വാസ്യകരമല്ല. ഇത്തരത്തിലുള്ള നടപടികള്‍ ഫയലുകള്‍ മറച്ചുവെക്കുന്നതിന്റെ സൂചനകളാണെന്നും വിവരാവകാശ കമ്മിഷണര്‍ പറഞ്ഞു.

ജനങ്ങള്‍ സര്‍ക്കാരിനെ കാണുന്നത് ഉദ്യോഗസ്ഥരിലൂടെയാണ് . അവരുടെ പെരുമാറ്റം സര്‍ക്കാറിനെ വിലയിരുത്താന്‍ കാരണമാകുന്നു. ഫയലില്‍ വിവരം ഉണ്ടായിട്ടും അപേക്ഷകര്‍ക്ക് ലഭ്യമാക്കാന്‍ സന്നദ്ധരാവാത്ത പ്രവണതകള്‍ ശരിയല്ല. ഇത്തരക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിക്കും. വിവരാവകാശ മറുപടിയില്‍ ബന്ധപ്പെട്ട എസ്.പി.ഒ യുടെ പേര്, തസ്തിക, അപ്പീല്‍ അതോറിറ്റിയുടെ പേര്, തസ്തിക, ഔദ്യോഗിക വിലാസം എന്നിവ നിര്‍ബന്ധമായും നല്‍കണം.

അല്ലാത്തവര്‍ സെക്ഷന്‍ 10 ന്റെ നിര്‍ദ്ദേശം ലംഘിക്കുകയാണ്. ഉദ്യോഗസ്ഥരുടെ സമയവും പൊതുമുതലും നഷ്ടമാവുന്ന രീതിയില്‍ അനാവശ്യമായി ഹര്‍ജിക്കാര്‍ ഇടപ്പെടരുതെന്നും കമ്മീഷണര്‍ പറഞ്ഞു. കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കുകയാണ് വിവരവകാശ നിയമത്തിന്റെ സുതാര്യത.വിവരാവകാശ അപേക്ഷ ലഭിച്ച് ആദ്യ അഞ്ച് ദിവസത്തിനകം പ്രാഥമിക നടപടി സ്വീകരിച്ചിരിക്കണം വിവരാവകാശ ഓഫീസര്‍ തനിക്ക് ലഭിച്ച അപേക്ഷകളില്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ മറ്റൊരു ഓഫീസിലാണ് ഉള്ളതെങ്കില്‍ വിവരാവകാശ നിയമം 6 (3) പ്രകാരം അവിടേക്ക് അയച്ച് നല്‍കണം. അത്തരം ഘട്ടത്തില്‍ വീണ്ടും അപേക്ഷാഫീസ് വാങ്ങരുതെന്നും കമ്മീഷണര്‍ പറഞ്ഞു.

തൃപ്തികരമല്ലാത്ത മറുപടി നടപടി സ്വീകരിക്കും

കല്‍പ്പറ്റ ടൗണിലെ ഒരു കെട്ടിടത്തിന് നിര്‍മ്മാണാനുമതി നല്‍കിയതുമായി ബന്ധപ്പെട്ട അപേക്ഷയില്‍ ചോദ്യം വ്യക്തമല്ലെന്ന് മറുപടി നല്‍കിയ കല്‍പ്പറ്റ മുനിസിപ്പാലിറ്റി എസ്.പി.ഒക്കെതിരെ വിവരാവകാശ നിയമം സെക്ഷന്‍ 20(1) പ്രകാരം ശിക്ഷാനടപടി സ്വീകരിക്കുമെന്ന് കമ്മീഷണര്‍ വ്യക്തമാക്കി. മാനന്തവാടി താലൂക്ക് ഓഫീസില്‍ നിന്നും വിവിധ റവന്യൂ ഓഫീസുകളില്‍ നിന്നും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നേടി തൊഴിലും വിവിധ ആനുകൂല്യങ്ങളും സ്വന്തമാക്കി എന്നാരോപിതനായ വ്യക്തിക്കെതിരെ എക്‌സ്‌ക്യൂട്ടീവ് മിനിസ്റ്റീരിയല്‍ അധികാരം വിനിയോഗിച്ച് നടപടി എടുക്കാമെന്ന മാനന്തവാടി തഹസില്‍ദാറുടെ വിശദീകരണം കമ്മിഷന്‍ അംഗീകരിച്ചു. ഇതിന്റെ തുടര്‍ നടപടികള്‍ അറിയിക്കണമെന്ന് കമ്മിഷണര്‍ നിദ്ദേശിച്ചു.

ഹാന്റക്‌സിന്റെ മേഖലാ ഓഫീസുകളില്‍ വിവരാവകാശ ഓഫീസര്‍മാരെ നിയമിക്കാത്ത നിലപാടിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഹാന്റക്‌സ് ഡയറക്ടര്‍ക്ക് സമന്‍സ് നല്‍കി ജനുവരി 11 ന് കമ്മീഷന്‍ ആസ്ഥാനത്ത് നേരിട്ട് എത്താന്‍ നിര്‍ദ്ദേശം നല്‍കിയതായും കമ്മിഷണര്‍ അറിയിച്ചു.
കോട്ടത്തറ ഗ്രാമപഞ്ചായത്തില്‍ വിവരാവകാശ അപേക്ഷയില്‍ ഫീസ് വാങ്ങി ശീര്‍ഷകം മാറി ക്രഡിറ്റ് ചെയ്ത ശേഷം വിവരം നല്‍കാന്‍ കഴിയില്ലെന്ന് മറുപടി നല്‍കിയ എസ്.പി.ഒക്കെതിരെ നിയമം 20 (1) പ്രകാരവും ക്ലര്‍ക്കിനെതിരെ 5(5) പ്രകാരവും ശിക്ഷാ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു. കമ്മീഷന്റെ അറിയിപ്പ് ലഭിച്ചിട്ടും ഹാജരാകാത്ത കല്‍പ്പറ്റ കെ.എസ്.ഇ.ബി എസ്.പി.ഒക്ക് സമന്‍സ് അയയ്ക്കും. ജനുവരി 11 ന് കമ്മീഷന്‍ ആസ്ഥാനത്ത് എത്താന്‍ നിര്‍ദ്ദേശിച്ചു. ഓഫീസുകളിലെ സേവനം സംബന്ധിച്ച പൗരാവകാശ രേഖ വെബ് സൈറ്റുകളില്‍ പ്രസിദ്ധീകരിക്കണമെന്നും അപേക്ഷ ഇല്ലാതെതന്നെ സൈറ്റുകള്‍ എപ്പോഴും പൗരന് വിവരം ലഭ്യമാക്കണമെന്നും ഉത്തരവുകളും സര്‍ക്കുലറുകളും അതത് സമയത്ത് സൈറ്റില്‍ അപ്ലോഡ് ചെയ്യണമെന്നും കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു. സിറ്റിങില്‍ 11 കേസുകള്‍ പരിഗണിച്ചു. 9 പരാതികള്‍ തീര്‍പ്പാക്കി.