മാനന്തവാടി നഗരസഭയിൽ മുഴുവൻ സേവനങ്ങളും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി കെ സ്മാർട്ട് സോഫ്റ്റ്വെയറിന് തുടക്കം കുറിച്ചു. നഗരസഭ ചെയർപേഴ്സൺ സി.കെ രത്നവല്ലി കെ സ്മാർട്ട് സംവിധാനത്തിലൂടെയുള്ള ആദ്യത്തെ ആപ്ലിക്കേഷൻ സിറ്റിസന്‍ ഫെസിലിറ്റേഷന്‍ സെന്ററിലൂടെ സ്വീകരിച്ച് ഉദ്ഘാടനം നിർവഹിച്ചു.
വൈസ് ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ടെക്നിക്കൽ ഓഫീസർമാരായ പി.ടി സ്വരൂപ് , കെ ശ്രീജിത്ത് എന്നിവർ കെ സ്മാർട്ടിനെക്കുറിച്ച് സംസാരിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി ലഭ്യമാക്കുന്ന ജനന – മരണ രജിസ്ട്രേഷൻ, നിർമ്മാണ പെർമിറ്റ് തുടങ്ങിയ സേവനങ്ങൾ ഇനി ഓൺലൈനായി ലഭ്യമാകും. അതിനുള്ള സുഗമവും സുതാര്യവുമായ മാർഗ്ഗമാണ് കെ-സ്മാർട്ട്. ഇപ്പോൾ വിവിധ പോർട്ടലുകൾ വഴിയും ആപ്പുകൾ വഴിയും ലഭിക്കുന്ന സേവനങ്ങളെല്ലാം ഒറ്റ പ്ലാറ്റ്ഫോമിലേക്ക് മാറും.
ജനങ്ങൾക്ക് മുനിസിപ്പാലിറ്റിയിൽ വരാതെ തന്നെ കെ സ്മാർട്ട് മൊബെൽ ആപ്പ് മുഖേന അപേക്ഷിക്കാനും സർവ്വീസ് ലഭ്യമാക്കാനും സാധിക്കും. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി വി എസ് മൂസ, വിപിൻ വേണുഗോപാൽ, കെ പാത്തുമ്മ ടീച്ചർ ,കൗൺസിലർമാരായ യു വി ജോയ്, എം നാരായണൻ, ഷംസുദ്ദീൻ, മാർഗരറ്റ് തോമസ്, സെക്രട്ടറി മാമ്പള്ളി സന്തോഷ് കുമാർ, റവന്യൂ ഇന്‍സ്പെക്ടര്‍ എം.എം സജിത്ത് , ക്ലർക്ക് എ നവീൻ തുടങ്ങിയവർ സംസാരിച്ചു.