ആര്‍ദ്രം മിഷന്‍ അവലോകന യോഗം ചേര്‍ന്നു

ജില്ലയില്‍ ഇതുവരെ 58 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയതായി ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്രആര്‍ദ്രം മിഷന്‍ അവലോകന യോഗത്തില്‍ അറിയിച്ചു. ആര്‍ദ്രം മിഷന്റെ ആദ്യ ഘട്ടത്തില്‍ ജില്ലയില്‍ 16 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും രണ്ടാം ഘട്ടത്തില്‍ 42 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയത്. മൂന്നാം ഘട്ടത്തില്‍ 18 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തും.

ഇതില്‍ ഒന്‍പതെണ്ണത്തിന്റെ പ്രവൃത്തികള്‍ ആരംഭിച്ചു. 10 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഭരണാനുമതി ലഭിച്ചു. അഞ്ചെണ്ണത്തിന്റെ ഡി.പി.ആര്‍ നടന്നുവരികയാണ്. നടപ്പു സാമ്പത്തിക വര്‍ഷ ബജറ്റില്‍ ഉള്‍പ്പെടുത്തി അനങ്ങനടി, മേലാര്‍കോട്, കോട്ടപ്പുറം കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പുതിയ കെട്ടിടങ്ങളുടെ നിര്‍മാണവും നടക്കും. ഇതില്‍ മേലാര്‍കോട്, കോട്ടപ്പുറം എന്നിവിടങ്ങളില്‍ നിര്‍മാണം ആരംഭിച്ചു.

ജില്ലയില്‍ ആദ്യഘട്ടത്തില്‍ 60 ആരോഗ്യ ഉപകേന്ദ്രങ്ങളെയാണ് കൂടുതല്‍ ചികിത്സാ സൗകര്യങ്ങളൊരുക്കി ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുകളാക്കി ശാക്തീകരിക്കുന്നത്. ഇതില്‍ 49 എണ്ണത്തിന്റെ പ്രവൃത്തികള്‍ പൂര്‍ത്തിയായി. രണ്ടാം ഘട്ടത്തില്‍ 73 ഉപകേന്ദ്രങ്ങളെ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററായി ഉയര്‍ത്തും. എന്‍.എച്ച്.എം ജില്ലാ നിര്‍മ്മിതി കേന്ദ്രം വഴി ഓരോ സെന്ററിലും ഏഴ് ലക്ഷം രൂപയിലാണ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുകളുടെ നിര്‍മാണം നടക്കുന്നത്.

ജില്ലയിലെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് എന്‍.എച്ച്.എം, നിര്‍മാണ ഏജന്‍സികള്‍, സൂപ്പര്‍വൈസര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കലക്ടര്‍ യോഗത്തില്‍ പറഞ്ഞു. ഹബ് ആന്‍ഡ് സ്പോക് മാതൃകയിലുള്ള ലാബ് സിസ്റ്റം ജില്ലയില്‍ ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. ആദ്യഘട്ടത്തില്‍ അട്ടപ്പാടിയിലും കൊല്ലങ്കോടും ആരംഭിക്കുന്നതിന് ആലോചിക്കണം.


ജില്ലയില്‍ എല്ലാ ബ്ലോക്കുകളിലും ക്യാന്‍സര്‍ നിര്‍ണയ ക്യാമ്പുകള്‍ നടത്തണം. നിലവില്‍ മലമ്പുഴയില്‍ ക്യാമ്പ് പൂര്‍ത്തിയായി. ശൈലി ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകണമെന്നും 30 വയസിന് മുകളിലുള്ളവരുടെ ജീവിതശൈലീ രോഗങ്ങള്‍ സംബന്ധിച്ച് ആശാ പ്രവര്‍ത്തകര്‍ മുഖേന വീടുകള്‍ സന്ദര്‍ശിച്ച് സര്‍വേ പൂര്‍ത്തിയാക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

അട്ടപ്പാടിയില്‍ സിക്കിള്‍ സെല്‍ അനീമിയ രോഗനിര്‍ണയം പൂര്‍ത്തിയാക്കണം. ഓരോ മണ്ഡലത്തിലെയും ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുകളുടെ പ്രവൃത്തി ഒന്നിച്ച് ക്വട്ടേഷന്‍ നല്‍കണമെന്ന നിര്‍മാണ ഏജന്‍സികളുടെ നിര്‍ദേശം സംബന്ധിച്ച് ആലോചിക്കാമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. നിലവില്‍ സിവില്‍ വര്‍ക്കുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.

ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ആര്‍ വിദ്യ, നവകേരളം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി. സെയ്തലവി, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സൂപ്രണ്ട് ഡോ. കെ.ടി പ്രേമകുമാര്‍, ആര്‍ദ്രം മിഷന്‍ നോഡല്‍ ഓഫീസര്‍ ഡോ. അനൂപ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ടി.വി റോഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ഏജന്‍സികള്‍ എന്നിവര്‍ പങ്കെടുത്തു.