കലോത്സവസദ്യയെന്നാല്‍ പഴയിടം മോഹനന്‍ നമ്പൂതിരയെന്ന് ഉറപ്പിക്കാം ഇത്തവണയും. പേരിലെ പഴമ പുതുരുചികളിലൂടെ പുതുക്കുന്നതാണ് പഴയിടത്തിന്റെ പതിവ്. അതിക്കുറിയും തെറ്റിച്ചില്ല. രുചിരസം കുട്ടികള്‍ക്കൊപ്പം പങ്കിടാനെത്തിയത് മന്ത്രിമാരായ വി. ശിവന്‍കുട്ടിയും കെ.എന്‍. ബാലഗോപാലും. ക്രേവന്‍ സ്‌കൂളിലെ സദ്യവട്ടം വിദ്യാര്‍ഥികളോടൊപ്പം ആസ്വദിക്കുകയായിരുന്നു ഇരുവരും. 12 കൂട്ടം കറികളും പാലടപായസവും അടങ്ങുന്ന ഇലകള്‍ ഒരുക്കിയിരുന്നു.

ഊട്ടുപുരയുടെ സജ്ജീകരണങ്ങളും ഇതരക്രമീകരണങ്ങളും മന്ത്രിമാര്‍ വിലയിരുത്തി. മോഹനന്‍ നമ്പൂതിരിയോട് പാചകത്തിന്റെ രസതന്ത്രം മന്ത്രിമാര്‍ ചോദിച്ചറിഞ്ഞു. സംതൃപ്തിയോടെ വിദ്യാര്‍ഥികളോട് കുശലംപറഞ്ഞും സെല്‍ഫി എടുത്തുമാണ് മന്ത്രിമാര്‍ മടങ്ങിയത്.
15 കൗണ്ടറുകളിലായി ഒരേസമയം 2400 ഓളം പേര്‍ക്ക് ഭക്ഷണം കഴിക്കാന്‍ പറ്റുന്ന രീതിയിലാണ് ഊട്ടുപുര സജ്ജീകരിച്ചിരിക്കുന്നത് .
എം എല്‍ എമാരായ എം നൗഷാദ്, പി സി വിഷ്ണുനാഥ്, മേയര്‍ പ്രസന്നാ ഏണസ്റ്റ്, കെ എസ് എഫ് ഇ ചെയര്‍മാന്‍ കെ വരദരാജന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എക്‌സ് ഏണസ്റ്റ്, ജനപ്രതിനിധികള്‍, അധ്യാപക സംഘടനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു