കലോത്സവവേദിയില്‍ ആദ്യം ചിലങ്കയണിഞ്ഞെത്തിയത് നര്‍ത്തകി ആശാ ശരത്തും സംഘവും. ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയുടെ വേദിയുണര്‍ത്താന്‍ പ്രതിഫലം പോലും ഉപേക്ഷിക്കുകയായിരുന്നു അനുഗ്രഹീത കലാകാരി. ഓര്‍മയായ ഗാനരചയിതാവ് ബീയാര്‍ പ്രസാദും കവി കുരീപ്പുഴ ശ്രീകുമാറും ചേര്‍ന്നെഴുതിയ സ്വാഗതഗാനത്തിന് സംഗീത സംവിധായകന്‍ രമേഷ് നാരായണനാണ് ഈണമൊരുക്കിയത്.

ആശാ ശരത്തിന്റെ നേതൃത്വത്തില്‍ 29 പേരാണ് നൃത്താവിഷ്‌കാരത്തിന് നിറപകിട്ടേകിയത്. ജില്ലയിലെ സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ നൃത്ത ഇനങ്ങളില്‍ മുന്നിലെത്തിയ 27 ആണ്‍കുട്ടികളും പെണ്‍കുട്ടികളും നര്‍ത്തകിയായ അഖിലയുമായിരുന്നു സംഘത്തില്‍. ബിജു ധ്വനി തരംഗാണ് കൊറിയോഗ്രഫി നിര്‍വഹിച്ചത്. ഉദ്ഘാടന ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ആശാ ശരത്തിന് ഉപഹാരം സമ്മാനിച്ചു.