*ഭൂമിമലയാളം ഭാഷാസെമിനാർ സംഘടിപ്പിച്ചു
മലയാളഭാഷയെക്കുറിച്ച് മലയാളികൾ പുലർത്തുന്ന അപകർഷതാബോധം ഉപേക്ഷിക്കണമെന്നും ഇത്  മലയാളികളെ ധരിപ്പിക്കാനുള്ള ദൗത്യം മലയാളം മിഷൻ ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് പ്രഭാവർമ പറഞ്ഞു. മലയാളം മിഷൻ സംഘടിപ്പിച്ച ഭൂമി മലയാളം ഭാഷാ സെമിനാറിൽ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
ഭാഷയുടെ ഉത്കൃഷ്ടത വെളിവാക്കുന്നത് അതിന്റെ ഉച്ചാരണരീതിയാണ്. എഴുതുന്നതു തന്നെയാണ് മലയാളത്തിൽ ഉച്ചരിക്കുന്നത്. ഇത് മലയാളത്തിന്റെ മാത്രം സവിശേഷതയാണ്. മലയാളം ഭരണഭാഷയാക്കാൻ ഇ.എം.എസ് സർക്കാരിന്റെ കാലത്തുതന്നെ ശ്രമം തുടങ്ങിയതാണ്. എന്നാൽ ഭരണകാര്യങ്ങൾ ചർച്ച ചെയ്യാൻ മലയാള ഭാഷ പ്രാപ്തമായിട്ടില്ല എന്നാണ്  ചിലർ വാദിച്ചത്. ഒരു നൂറ്റാണ്ടിനു താഴെ കാലം മാത്രമേ കേരളത്തിൽ ഇംഗ്ലീഷ് ഭരണഭാഷയായിട്ടുള്ളൂ. അതിനുമുമ്പ് നാട്ടുരാജ്യങ്ങളുടെ ഭരണഭാഷയായിരുന്ന മലയാളം ബ്രിട്ടീഷുകാർക്കുശേഷം എങ്ങനെയാണ് ഭരണഭാഷയാകാൻ യോഗ്യമല്ലാതായതെന്നും അദ്ദേഹം ചോദിച്ചു. മഹാ ഭൂരിഭാഗം വരുന്ന ജനങ്ങൾക്ക് ബോധ്യം വരുന്ന ഭാഷയാണ് ഭരണഭാഷയാകേണ്ടതെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ നിലപാട്.
മലയാളത്തെ ശ്രേഷ്ഠ ഭാഷയാക്കാനും മാതൃഭാഷാ പഠനം നിർബന്ധമാക്കുന്നതിന് ബിൽ കൊണ്ടുവരാനും സർക്കാർ നടത്തിയ ശ്രമങ്ങൾ ഭാഷയോടുള്ള പ്രതിബദ്ധത സൂചിപ്പിക്കുന്നുവെന്നും പ്രഭാവർമ പറഞ്ഞു.
മലയാളം മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ് സ്വാഗതം പറഞ്ഞു. കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു മോഡറേറ്റായിരുന്നു. പി.ടി. കുഞ്ഞുമുഹമ്മദ്, പി.എസ്.സി. അംഗം പാർവതീദേവി, ഭാഗ്യലക്ഷ്മി, മാധ്യമപ്രവർത്തകരായ പി.എം. മനോജ്, എം.എസ്. ശ്രീകല, ഇ. സനീഷ്, ബി. അഭിജിത്ത്, മലയാളം മിഷൻ രജിസ്ട്രാർ എം. സേതുമാധവൻ തുടങ്ങിയവർ സംബന്ധിച്ചു.