കൊച്ചി: പ്രളയത്തില്‍ കൃഷി നാശം സംഭവിച്ച കോതമംഗലം ബ്ലോക്കിലെ കര്‍ഷകര്‍ക്ക് ഒന്നാം ഘട്ട നഷ്ടപരിഹാരമായി 2.6 കോടി രൂപ അനുവദിച്ചു. ഏകദേശം 300 ഹെക്ടര്‍ സ്ഥലത്താണ് കൃഷി നാശമുണ്ടായത്.
ബ്ലോക്കിനു കീഴില്‍ കോതമംഗലം കൃഷിഭവനില്‍ 37 ലക്ഷം രൂപ, നെല്ലിക്കുഴി കൃഷിഭവനില്‍ 13 ലക്ഷം, കീരംപാറ കൃഷിഭവനില്‍ 30 ലക്ഷം, പിണ്ടിമന കൃഷിഭവനില്‍ 19 ലക്ഷം, കവളങ്ങാട് കൃഷി ഭവനില്‍ 40 ലക്ഷം, കോട്ടപ്പടി കൃഷിഭവനില്‍ 17 ലക്ഷം, വാരപ്പെട്ടി കൃഷിഭവനില്‍ 7 ലക്ഷം, പല്ലാരിമംഗലം കൃഷിഭവനില്‍ 4 ലക്ഷം, കുട്ടമ്പുഴ കൃഷിഭവനില്‍ 20 ലക്ഷം, പൈങ്ങോട്ടൂര്‍ കൃഷിഭവനില്‍ 7 ലക്ഷം, പോത്താനിക്കാട് കൃഷിഭവനില്‍ 12 ലക്ഷം രൂപ എന്നിങ്ങനെയാണ് ധനസഹായം അനുവദിച്ചിട്ടുള്ളത്. ഏറ്റവും കൂടുതല്‍ കൃഷി നാശം സംഭവിച്ചത് കവളങ്ങാട് കൃഷിഭവനു കീഴിലും കുറവ് പല്ലാരിമംഗലം കൃഷിഭവനു കീഴിലുമാണ്.
പച്ചക്കറി, കപ്പ, വാഴ, ജാതി, റബ്ബര്‍, കവുങ്ങ്, തെങ്ങ്, പൈനാപ്പിള്‍, നെല്‍കൃഷി അടക്കമുള്ള വിവിധ കൃഷികള്‍ക്ക് നാശനഷ്ടമുണ്ടായി. നഷ്ട പരിഹാര തുക വിതരണം ആരംഭിച്ചു കഴിഞ്ഞതായും എത്രയും വേഗം കൃഷി നാശം നേരിട്ട മുഴുവന്‍ കര്‍ഷകര്‍ക്കും നഷ്ടപരിഹാര തുക ലഭ്യമാകുമെന്നും ആന്റണി ജോണ്‍ എംഎല്‍എ പറഞ്ഞു.