കലോത്സവ വിജയികള്‍ക്ക് പകലിരവുകള്‍ നീളുന്ന സമ്മാനങ്ങളായി ട്രോഫിവിതരണം. ആദ്യ മൂന്നുദിവസം വിതരണം ചെയ്തത് 6300 ട്രോഫികള്‍. ഉദ്ഘാടനദിനത്തില്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ആദ്യ മത്സരവിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തതു മുതല്‍ ദിവസവും 15 മണിക്കൂറിലേറെ തുടര്‍ച്ചയായി പ്രയത്‌നിച്ചാണ് ട്രോഫി വിതരണം പരാതിരഹിതവും സമയബന്ധിതവും ആക്കി മാറ്റുന്ന സംഘാടനമികവ്.
60 അംഗങ്ങളുള്ള ട്രോഫികമ്മിറ്റി മൂന്ന് ഷിഫ്റ്റുകളായിട്ടാണ് സമയബന്ധിതമായ ട്രോഫിവിതരണം ഉറപ്പാക്കുന്നത്. സമാപന ദിനത്തില്‍ മുഴുവന്‍ പേര്‍ക്കും ലഭ്യമാക്കുന്നതിനുള്ള സംവിധാനം സുസജ്ജം. കലോത്സവത്തിന്റെ അവസാന ദിനമായ ഇന്ന് (ജനുവരി 08) ഓവറോള്‍ വിജയികള്‍ക്കുള്ള സ്വര്‍ണ കപ്പടക്കം 30 ട്രോഫിയാണ് ആശ്രാമം മൈതാനത്തെ സമാപനവേദിയില്‍ വിതരണം ചെയ്യുക.
ഹയര്‍ സെക്കന്‍ഡറി-ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ മുന്നിലെത്തുന്ന ജില്ലകള്‍ക്കും സ്‌കൂളുകള്‍ക്കും അറബിക്, സംസ്‌കൃത കലോത്സവങ്ങളില്‍ മുന്നിലെത്തുന്ന ജില്ലകള്‍ക്കും സ്‌കൂളുകള്‍ക്കുമുള്ള ട്രോഫികള്‍ സമാപന സമ്മേളനവേദിയിലായിരിക്കും കൈമാറുക. മന്ത്രി വി ശിവന്‍കുട്ടിയും മുഖ്യാതിഥിയായ പത്മശ്രീ മമ്മൂട്ടിയും ചേര്‍ന്ന് സമ്മാനവിതരണം നിര്‍വഹിക്കും.