കേന്ദ്ര സിലബസ് വിദ്യാലയങ്ങളുടെ സംഘടനയായ കൗൺസിൽ ഓഫ് സി.ബി.എസ്.ഇ സ്‌കൂൾസ് കേരളയും സംസ്ഥാന സ്‌പോർട്‌സ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നാമത് കേരള സെൻട്രൽ സ്‌കൂൾ സ്‌പോർട്‌സ് മീറ്റ് മത്സരങ്ങൾക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ തുടക്കമായി. 14 ജില്ലകലിലെയും വിദ്യാർഥികൾ അണിനിരന്ന മാർച്ച് പാസ്റ്റോടെ ആരംഭിച്ച കായികമേള കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. എം.കെ ജയരാജ് ഫ്‌ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡൻറ് യു. ഷറഫലി അധ്യക്ഷത വഹിച്ചു. രണ്ടുദിവസങ്ങളിലായാണ് മേള സംഘടിപ്പിക്കുന്നത്.

അണ്ടർ 19, 17, 14 വിഭാഗങ്ങളിലായി 100, 200, 400, 800 മീറ്റർ ഓട്ടം, ലോങ് ജംപ്, ഹൈജംപ്, ഷോട്ട് പുട്ട്, 4×100, 4×400 മീറ്റർ റിലേ എന്നിങ്ങനെ 23 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലകളിലെ വിവിധ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയ, നവോദയ എന്നീ കേന്ദ്ര സിലബസ് സ്‌കൂളുകളിലെ 1600ഓളം കായിക പ്രതിഭകളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്.

പരിപാടിയിൽ കേരള സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി കെ ലീന, മലപ്പുറം, കോഴിക്കോട് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡൻറു മാരായ വി പി അനിൽ, ഒ.രാജഗോപാൽ, കെ.സി.എസ്.എസ് മീറ്റ് ജനറൽ കൺവീനർ ഡോ. ഇന്ദിരാ രാജൻ, മീറ്റ് കോഡിനേറ്റർ സുചിത്ര, ഷൈജിന്ത് തുടങ്ങിയവർ പങ്കെടുത്തു.