നാലാംതരം വിദ്യാഭ്യാസം ലഭിക്കാത്ത പട്ടിക ജാതിക്കാർക്കായി സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പാക്കുന്ന ‘നവ ചേതന ‘ പദ്ധതിക്ക് മലപ്പുറം ജില്ലയിൽ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വേങ്ങര പരപ്പൻചിന കോളനിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൻസീറ ടീച്ചർ നിർവഹിച്ചു. വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ അധ്യക്ഷത വഹിച്ചു. പഠിതാക്കൾക്കുള്ള പുസ്തക വിതരണവും പ്രസിഡന്റ് നിർവഹിച്ചു.

ജില്ലയിൽ പരപ്പനങ്ങാടി, മഞ്ചേരി നഗരസഭകളിലും മൊറയൂർ, വണ്ടൂർ, തിരുവാലി, തൃക്കലങ്ങോട്, പോരൂർ, പാണ്ടിക്കാട്, മമ്പാട്, ഏലംകുളം, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തുകളിലുമാണ് നവചേതന തുല്യതാ പദ്ധതി നടപ്പാക്കുന്നത്. നവചേതന പദ്ധതി നടപ്പാക്കുന്ന തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പദ്ധതിക്കായി പ്രത്യേകം ഇൻസ്ട്രക്ടർമാരെ നിയോഗിച്ചിട്ടുണ്ട്. ഇൻസ്ട്രക്ടർമാർക്കും പ്രേരക്മാർക്കും ഡയറ്റിന്റെ സഹകരണത്തോടെ പ്രത്യേകം പരിശീലനവും നൽകിയിരുന്നു. നാലാം തരം വിദ്യാഭ്യാസം എല്ലാവർക്കും നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി.പി.എം ബഷീർ, സമീറ പുളിക്കൽ, വേങ്ങര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ കുഞ്ഞിമുഹമ്മദ്, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എം അബ്ദുൽ അസീസ്, വേങ്ങര പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എം ആരിഫ, അംഗങ്ങളായ കുറുക്കൻ മുഹമ്മദ്, എം.പി ഉണ്ണികൃഷ്ണൻ, നുസ്റത്ത്, റുബീന അബ്ബാസ്, സാക്ഷരതാ മിഷൻ കോഡിനേറ്റർ അബ്ദുൽ റഷീദ്, അസി. കോഡിനേറ്റർ എം. ബഷീർ, സാക്ഷരതാ പ്രേരക് പി. ആബിദ, ഇൻസ്ട്രക്ടർ എൻ. പ്രസീത, എസ്.സി പ്രമോട്ടർ സി ബിജു, സി.എം പ്രഭാകരൻ എന്നിവർ സംസാരിച്ചു.