വടശ്ശേരി ഗവ. ഹൈസ്‌കൂൾ കെട്ടിടങ്ങൾ സ്പീക്കർ നാടിന് സമർപ്പിച്ചു

രാജ്യത്ത് ജനാധിപത്യത്തിന്റെ മനോഹാരിത കാണാനാവുന്നത് കേരളത്തിലാണെന്നും നാടിന്റെ സമഗ്രപുരോഗതിക്ക് രാഷ്ട്രീയം മറന്ന് ജനകീയ കൂട്ടായ്കളിലൂടെ പ്രവർത്തനങ്ങൾ നടത്തണമെന്ന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ. കാവനൂർ പഞ്ചായത്തിലെ വടശ്ശേരി ഗവ. ഹൈസ്‌കൂളിൽ പുതുതായി നിർമിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാലയത്തിന്റെ വികസനത്തിന് സൗജന്യമായി ഭൂമി നൽകിയവരെയും നേതൃത്വം നൽകിയവരെയും സ്പീക്കർ അഭിനന്ദിച്ചു. കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിന് സ്‌കൂളിനൊപ്പം നാട്ടുകാരും ഉണർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചടങ്ങിൽ പി.കെ ബഷീർ എം.എൽ.എ അധ്യക്ഷത വഹിച്ചു. സ്‌കൂളിനാവശ്യമായ ബസ് അനുവദിക്കുമെന്ന് എം.എൽ.എ അറിയിച്ചു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി കിഫ്ബിയുടെ ഒരു കോടി രൂപയും നബാർഡിന്റെ രണ്ട് കോടി രൂപയും ചെലവഴിച്ചാണ് പുതിയ കെട്ടിടങ്ങൾ നിർമിച്ചിട്ടുള്ളത്.
ആധുനിക രീതിയിൽ മൂന്നു നിലകളിലായ് നിർമാണം പൂർത്തീകരിച്ച കെട്ടിടത്തിൽ 24 ഹൈടെക് സ്മാർട്ട് ക്ലാസ് മുറികളും  ലൈബ്രറി, ലാബ്, ടോയ്‌ലറ്റ് ബ്ലോക്ക് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ജില്ലാ പഞ്ചായത്ത് അംഗം ഷരീഫ ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റുഖിയ ഷംസു, കാവന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ഉസ്മാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.പി സൈഫുദ്ദീൻ, ഷിബിൽ ലാൽ, എം അബ്ദുറഹ്‌മാൻ, ആയിഷാബി, ടി. റീന, കെ.ടി നൗഷാദ്, വണ്ടൂർ ഡി.ഡി.ഇ ഉമ്മർ ഇടപ്പറ്റ, ഡി.വൈ.എസ്.പി ഹസീബ് റഹ്‌മാൻ, അരീക്കോട് എ.ഇ.ഒ കെ.കെ മൂസകുട്ടി, അരിക്കോട് ബി.പി.സി. പി.ടി രാജേഷ്, അരീക്കോട് എസ്.എച്ച്.ഒ എം. അബ്ബാസ് അലി, സ്‌കൂൾ ഹെഡ് മാസ്റ്റർ കെ രാജി, പി.ടി.എ പ്രസിഡന്റ് സലാം പാറ,  എം.പി.ടി.എ പ്രസിഡന്റ് പി. ശാന ബത്തൂൽ, എസ്.എം.സി ചെയർമാൻ പി.പി അബ്ദുൾ ലത്തീഫ്, പി.ടി.എ വൈസ് പ്രസിഡന്റ് പി.കെ മുഹമ്മദ്, പി.സി ഉമ്മർ, ബ്ലെസി ജോസ്, കെ. അബ്ദുൾ ഗഫൂർ തുടങ്ങിയവർ പങ്കെടുത്തു.