തൃശൂർ ജില്ലയിലെ ഭാരതീയ ചികിത്സാവകുപ്പിലെയും, ഹോമിയോപ്പതി വകുപ്പിലെയും തിരഞ്ഞെടുക്കപ്പെട്ട ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾക്ക് എൻ.എ.ബി.എച്ച് എൻട്രി ലെവൽ സർട്ടിഫിക്കേഷൻ അംഗീകാരം ലഭിച്ചു. ഗവ. ആയുർവേദ ഡിസ്പെൻസറികളായ കോടന്നൂർ, ചൊവ്വന്നൂർ, ചെങ്ങാലൂർ, മുണ്ടത്തിക്കോട്, അയ്യന്തോൾ, അവിട്ടത്തൂർ എന്നീ സ്ഥാപനങ്ങളും ഗവ. ഹോമിയോ ഡിസ്പെൻസറികളായ പഴയന്നൂർ, കൊണ്ടാഴി, കൈപ്പറമ്പ്, അയ്യന്തോൾ എന്നീ സ്ഥാപനങ്ങളുമാണ് എൻ.എ.ബി.എച്ച് അംഗീകാരത്തിലേക്ക് ഉയർത്തപ്പെട്ടത്.

കേരളത്തിലെ എല്ലാ ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളെയും നാല് ഘട്ടങ്ങളായി എൻ.എ.ബി.എച്ച് നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ നടന്നുവരുന്നു. ഒന്നാം ഘട്ടത്തിലെ സ്ഥാപനങ്ങളിലെ പ്രാരംഭ നടപടികൾ 2023 ഏപ്രിലിൽ ആരംഭിക്കുകയും, 90 ദിവസം കൊണ്ട് ദൗത്യം പൂർത്തിയാക്കി എൻ.എ.ബി.എച്ച് ലേക്ക് അപേക്ഷ സമർപ്പിക്കുകയും ചെയ്തത് കേരളത്തിലെ സർക്കാർ ആരോഗ്യ മേഖലയിലെത്തന്നെ ഒരു നാഴികക്കല്ലാണ്. ഇതേതുടർന്ന് രണ്ടാം ഘട്ടത്തിലെ തിരഞ്ഞെടുക്കപ്പെട്ട 150 ആയുഷ് സ്ഥാപനങ്ങൾക്ക് ഈ വർഷം മാർച്ച്‌ മാസത്തോടെ ഈ അംഗീകാരം നേടിയെടുക്കാനാകും.സംസ്ഥാനത്തെ സർക്കാർ ആയുഷ് ചികിത്സാ കേന്ദ്രങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന പ്രഖ്യാപിത നിലപാടിൽ ഉറച്ച ഒരു കർമ്മ പദ്ധതി രൂപീകരിക്കുകയും, അത് സമയബന്ധിതമായി നടപ്പാക്കുക എന്ന ലക്ഷ്യത്തിന്റെ ആദ്യ പടിയാണ് ഈ അംഗീകാരം.

ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം കഴിഞ്ഞ രണ്ടു വർഷങ്ങളിലായി 532.51 കോടി രൂപയാണ് ആയുഷ് മേഖലയുടെ വികസനത്തിനായി അനുവദിച്ചത്. മുന്‍ വർഷങ്ങളേക്കാൾ മൂന്നിരട്ടി വർധനവാണ് ഉണ്ടായത്. ആയുർവേദ ചികിത്സാ രംഗം ശക്തിപ്പെടുത്തുന്നതിന് പുതുതായി 116 തസ്തികകൾ സൃഷ്ടിച്ചു. ഹോമിയോപ്പതി വകുപ്പില്‍ പുതുതായി 40 മെഡിക്കൽ ഓഫീസർമാരുടെ തസ്തികകൾ സൃഷ്ടിച്ചു. ജീവിതശൈലീ രോഗ പ്രതിരോധത്തിന് പ്രാധാന്യം നല്കിക്കൊണ്ട് 1000 ആയുഷ് യോഗ ക്ലബ്ബുകൾ ആരംഭിച്ചു. ആയുഷ് മേഖലയില്‍ ഇ ഹോസ്പിറ്റല്‍ സംവിധാനം നടപ്പിലാക്കി.

സംസ്ഥാനത്ത് 600 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾ ആണ് അനുവദിച്ചിരുന്നത്. എന്നാൽ ഈ കേന്ദ്രങ്ങളുടെ പ്രവർത്തന മികവും പദ്ധതി നിർവഹണമേന്മയും കണക്കിലെടുത്ത് പുതുതായി 100 കേന്ദ്രങ്ങൾ കൂടി ഇപ്പോൾ അനുവദിച്ചിട്ടുണ്ട്. ആയുഷ് മേഖലയിലെ കേരളത്തിന്റെ ശ്രദ്ധേയമായ മുന്നേറ്റത്തെ നീതി ആയോഗ് അഭിനന്ദിച്ചിട്ടുണ്ട്. ദേശീയതല അവലോകനത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരും വിദഗ്ധരും അടങ്ങുന്ന നീതി ആയോഗ് പ്രതിനിധി സംഘം ആയുഷ് ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകൾ സന്ദർശിച്ച് സ്ഥിതി വിലയിരുത്തിയ ശേഷമുള്ള റിപ്പോർട്ടിലാണ് കേരളത്തെ അഭിനന്ദിച്ചത്. ആയുഷ് ഒ.പി. വിഭാഗത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ സേവനം നല്കുന്നത് കേരളത്തിലാണ്.