ചിറ്റൂർ പുഴ പ്രദേശത്തെ കൃഷി, കുടിവെള്ള ആവശ്യത്തിനായി കേരളം ആവശ്യപ്പെട്ടത്രയും ജലം ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി. വേണു തമിഴ്‌നാട് ചീഫ് സെക്രട്ടറി ശിവ് ദാസ് മീണയ്ക്കു കത്തയച്ചു. ഇതേ ആവശ്യം ഉന്നയിച്ചു സംസ്ഥാന ജലസേചന വിഭാഗം നൽകിയ കത്തു പ്രകാരമുള്ള വെള്ളം തമിഴ്നാട് ലഭ്യമാക്കാത്ത സാഹചര്യത്തിലാണു ചീഫ് സെക്രട്ടറിയുടെ ഇടപെടൽ.

ഡിസംബറിലെ രണ്ടാം ആഴ്ചയിലേക്ക് മണക്കടവിലേക്ക് 500 മില്യൺ ക്യുബിക് അടി വെള്ളമാണു കേരളം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, 268 മില്യൺ ക്യുബിക് അടി വെള്ളം മാത്രമേ ലഭ്യമായുള്ളൂ എന്നു ചീഫ് സെക്രട്ടറിയുടെ കത്തിൽ ചൂണ്ടിക്കാട്ടുന്നു. 2023 – 24 ജലവർഷത്തിൽ ഡിസംബർ രണ്ടാം ആഴ്ച വരെ കേരളത്തിന് ആകെ 4,350 മില്യൺ ക്യുബിക് അടി വെള്ളമാണു ലഭിക്കേണ്ടിയിരുന്നത്. വിവിധ ആവശ്യങ്ങൾ മുൻനിർത്തി ഇതേ കാലയളവിലേക്ക് 5,238 മില്യൺ ക്യുബിക് അടി വെള്ളം ലഭ്യമാക്കണമെന്ന് ചിറ്റൂർ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ തമിഴ്നാടിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ലഭ്യമായത് 3,074 മില്യൺ ക്യുബിക് അടി മാത്രമാണ്. ഇതുമൂലം ചിറ്റൂർ പുഴയുമായി ബന്ധപ്പെട്ട കാർഷിക മേഖല കടുത്ത വരൾച്ചയും രണ്ടാം വിള നശിക്കുമെന്ന ഭീഷണിയും നേരിടുന്നു.

2024ലെ ആദ്യ രണ്ട് ആഴ്ചയിലേക്ക് മണക്കടവിലൂടെ 424 ക്യുസെക്സ്(സെക്കന്റിൽ 424 ഘനയടി) വെള്ളം തുറന്നുവിടണമെന്നാവശ്യപ്പെട്ട് ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയർ കത്തു നൽകിയിരുന്നു. എന്നാൽ ജനുവരി നാലിനു രാവിലെ എട്ടിനുള്ള കണക്കു പ്രകാരം 165.47 ക്യുസെക്സ് മാത്രമായിരുന്നു ജലലഭ്യത. ജനുവരി നാലിലെ കണക്കു പ്രകാരം ആളിയാറിൽ 1149.85 മില്യൺ ക്യുബിക് അടി വെള്ളമുണ്ട്. അപ്പർ ആളിയാറിലും കടമ്പാറയിലുമായി 1061.54 മില്യൺ ക്യുബിക് അടി ജലവുമുണ്ട്. ഇവ രണ്ടും ചേർന്നുള്ള 2211.39 മില്യൺ ക്യുബിക് അടി ക്യുമിലേറ്റിവ് ലൈവ് സ്റ്റോറെജ് ലഭ്യമാണ്. പറമ്പിക്കുളവുമായി ബന്ധപ്പെട്ട അണക്കെട്ടുകളിലായി ആകെ 8905.7 മില്യൺ ക്യുബിക് അടി വെള്ളവുമുണ്ട്. ഇതു കണക്കിലെടുത്താൽ മണക്കടവിലൂടെ കേരളം ആവശ്യപ്പെടുന്ന വെള്ളം തമിഴ്നാടിനു നൽകാനാകുമെന്നും വിളനാശ ഭീഷണയും വരൾച്ചയും ജലദൗർലഭ്യവും മുൻനിർത്തി നടപ്പു ജലവർഷത്തിന്റെ ശേഷിക്കുന്ന കാലയളവിലേക്കു കേരളം ആവശ്യപ്പെടുന്ന വെള്ളം വിട്ടു നൽകാനുള്ള നിർദേശം ബന്ധപ്പെട്ടവർക്കു നൽകണമെന്നും ചീഫ് സെക്രട്ടറി കത്തിൽ ആവശ്യപ്പെട്ടു.