കയർ ഭൂവസ്ത്ര വിതാന പദ്ധതിയുടെ ഭാഗമായി  നടത്തിയ ഏകദിന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സൗഹൃദ നിർമാണങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകണമെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ നിർമാണപ്രവർത്തനങ്ങളും പരിസ്ഥിതി സൗഹൃദമായിരിക്കണം.  കയർ-ഭൂവസ്ത്രങ്ങളുടെ ഉപയോഗം കൊണ്ട് വ്യവസായമേഖല ശക്തിപ്പെടുത്താനും പരിസ്ഥിതി സൗഹൃദമായി ആവശ്യങ്ങൾ നിറവേറ്റാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കയർ ഭൂവസ്ത്ര വികസന പ്രവർത്തനങ്ങൾ സംസ്ഥാനത്തും ജില്ലയിലും സജീവമാണ്.  മേഖലയിലുണ്ടായ മികച്ച പ്രവർത്തനത്തെ തുടർന്ന് ഇന്ന് ജില്ല സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനത്താണ്. കയർ തൊഴിലാളികളുടെ സേവനവേതന വ്യവസ്ഥകൾ മെച്ചപ്പെടുത്താനും മണ്ണ്-ജല സംരക്ഷണ പ്രവർത്തനങ്ങൾക്ക് ഉത്തമമായ മാതൃകയാവാനും കയർ ഭൂവസ്ത്ര നിർമാണം സഹായകമാണ്. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും വ്യവസായാടിസ്ഥാനത്തിൽ  കയർ നിർമാണം വർധിപ്പിക്കാനും പദ്ധതിയിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കയർ-ഭൂവസ്ത്ര ഉത്പന്നങ്ങൾക്ക് അനന്ത വിപണി സാധ്യതകളാണുള്ളതെന്ന് മുഖ്യപ്രഭാഷണത്തിൽ ജില്ലാ കളക്ടർ എ. ഷിബു പറഞ്ഞു. രാജ്യത്തും വിദേശത്തും കയറിനും മറ്റ് മൂല്യവർധിത ഉത്പന്നങ്ങൾക്കും വലിയ വിപണനസാധ്യതയാണുള്ളത്. ഇത് പരമാവധി പ്രയോജനപ്പെടുത്തി കയർ വ്യവസായം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിപ്രകാരം 2022-23 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ കയർ ഭൂവസ്ത്രം വിരിച്ച ഗ്രാമപഞ്ചായത്തുകൾക്ക് പുരസ്‌കാരം നൽകി. പറക്കോട് ബ്ലോക്കിലെ ഏഴംകുളം ഗ്രാമപഞ്ചായത്ത്, കടമ്പനാട് ഗ്രാമപഞ്ചായത്ത്, കോന്നി ബ്ലോക്കിലെ അരുവാപ്പുലം ഗ്രാമപഞ്ചായത്ത് എന്നിവ യഥാക്രമം ജില്ലയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. പുളിക്കീഴ് ബ്ലോക്കിൽ പെരിങ്ങരയും പന്തളം ബ്ലോക്കിൽ പന്തളം തെക്കേക്കരയും മല്ലപ്പള്ളി ബ്ലോക്കിൽ കുന്നന്താനവും ഇലന്തൂർ ബ്ലോക്കിൽ ചെന്നീർക്കരയും കോയിപ്രം ബ്ലോക്കിൽ പുറമാറ്റവും റാന്നി ബ്ലോക്കിൽ റാന്നി ഗ്രാമപഞ്ചായത്തും ഒന്നാമതായി.

പത്തനംതിട്ട റോയൽ  ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ വത്സല അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പും കയർ ഭൂവസ്ത്ര സംയോജിത പദ്ധതിയും എന്ന വിഷയത്തിൽ എം.ജി.എൻ.ആർ.ഇ.ജി.എസ് ജില്ലാ ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ കെ.ജി ബാബു സെമിനാർ അവതരിപ്പിച്ചു.