ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് മകരജ്യോതി ദര്‍ശനത്തിനായുള്ള ജില്ലയിലെ വ്യൂ പോയിന്റുകള്‍ ജില്ലാ കളക്ടര്‍ എ. ഷിബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സന്ദര്‍ശിച്ചു. ഇലവുങ്കല്‍, അയ്യന്‍മല, നെല്ലിമല, അട്ടത്തോട് പടിഞ്ഞാറ് കോളനി, അട്ടത്തോട്, പഞ്ഞിപ്പാറ, പമ്പ ഹില്‍ ടോപ്, നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലെ വ്യൂ പോയിന്റുകള്‍ സന്ദര്‍ശിച്ച സംഘം ഒരുക്കങ്ങള്‍ വിലയിരുത്തി.
വ്യൂ പോയിന്റുകളില്‍ ബാരിക്കേഡുകള്‍, ശൗചാലയങ്ങള്‍, കുടിവെള്ളം ഉള്‍പ്പെടെ തീര്‍ഥാടകര്‍ക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിച്ച് ഉറപ്പു വരുത്തി. ശുചീകരണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. തദ്ദേശസ്വയംഭരണവകുപ്പും ആരോഗ്യ വകുപ്പും വൈദ്യുതി വകുപ്പും വാട്ടര്‍ അഥോറിറ്റിയും ആവശ്യമായ ക്രമീകരണങ്ങള്‍ സജ്ജീകരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ മേല്‍നോട്ടത്തില്‍ ആംബുലന്‍സ് സജ്ജീകരണം ഉള്‍പ്പെടുന്ന വൈദ്യസംഘത്തെ ഓരോ വ്യൂ പോയിന്റിലും ക്രമീകരിക്കും.
ശബരിമല എഡിഎം സൂരജ് ഷാജി, ജില്ലാ ദുരന്തനിവാരണ വകുപ്പ് ഡപ്യൂട്ടി കളക്ടര്‍ ടി.ജി ഗോപകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിത കുമാരി, എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ കെ. രശ്മിമോള്‍, വനം, പോലീസ്, അഗ്‌നിശമനസേന, സോയില്‍ കണ്‍സര്‍വേഷന്‍, സോയില്‍ സര്‍വേ, മൈനിംഗ് ആന്‍ഡ് ജിയോളജി, പൊതുമരാമത്ത്, കെഎസ്ഇബി, വാട്ടര്‍ അഥോറിറ്റി, പഞ്ചായത്ത് എന്നീ വകുപ്പുകളുടെ പ്രതിനിധികള്‍ സംഘത്തിലുണ്ടായിരുന്നു.