നവകേരള സൃഷ്ടിയില്‍ കേരളത്തിന്റെ മൂലധനമായാണ് വിദ്യാഭ്യാസത്തെ ഈ സര്‍ക്കാര്‍ നോക്കി കാണുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. തൃശൂര്‍ കോര്‍പ്പറേഷനു കീഴിലുള്ള അഞ്ചേരി ഗവ.ഹൈസ്‌കൂളില്‍ നിര്‍മിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പുതിയൊരു വിദ്യാഭ്യാസ സംസ്‌കാരത്തെയാണ് കേരളത്തിന് സമ്മാനിച്ചത്. ഭൗതിക മാസ്റ്റര്‍ പ്ലാനിന് ഒപ്പം അക്കാദമിക മാസ്റ്റര്‍ പ്ലാനും കൂടി ഉണ്ടാകണമെന്ന ലക്ഷ്യം ഫലപ്രപ്തി കണ്ടു. വിപുലമായ വിദ്യാഭ്യാസ സങ്കല്‍പ്പങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.പതിറ്റാണ്ടുകള്‍ പഴക്കമുള്ള അഞ്ചേരി ഗവ.ഹൈസ്‌കൂളില്‍ കിഫ്ബി ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചെലവിട്ട് രണ്ടു നിലകളിലായാണ് പുതിയ ബ്ലോക്ക് നിര്‍മാണം പൂര്‍ത്തിയാക്കിയത്. തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ വികസന പ്രവര്‍ത്തനങ്ങളിലെ 148-ാമത്തെ കര്‍മ്മ പദ്ധതിയാണിത്. താഴത്തെ നിലയില്‍ അടുക്കള, ഡൈനിങ് ഏരിയ, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവയും ഒന്നാം നിലയില്‍ നാല് ക്ലാസ്സ് മുറികളും ഒരു ടോയ്ലറ്റ് ബ്ലോക്കും ഉള്‍പ്പെടെയാണ് സജ്ജമാക്കിയിട്ടുള്ളത്.

കോര്‍പ്പറേഷന്‍ മേയര്‍ എം.കെ വര്‍ഗീസ് അധ്യക്ഷനായി. വിദ്യാഭ്യാസ കായികകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ എ ഗോപകുമാര്‍, ഡിവിഷന്‍ കൗണ്‍സിലര്‍മാരായ ഇ വി സുനില്‍ രാജ്, ശ്യാമള വേണുഗോപാല്‍, ഹെഡ്മിസ്ട്രസ് പി കെ സുനിത, പിടിഎ ഇ പ്രസിഡന്റ് ആല്‍ബര്‍ട്ട് ജോസഫ്, എസ് എം സി ചെയര്‍മാന്‍ ജീവന്‍ അഞ്ചേരി, എം പി ടി എ പ്രസിഡന്റ് രേഷ്മ രഞ്ജിത്ത്, സ്‌കൂള്‍ അധികൃതര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് പനംകുറ്റിച്ചിറ ഗവ. യുപി സ്‌കൂളില്‍ ഒരു കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനായുള്ള സര്‍ക്കാര്‍ അനുമതി ചടങ്ങില്‍ മന്ത്രി കെ.രാജന്‍ മേയര്‍ എം.കെ. വര്‍ഗീസിന് കൈമാറി.

തുടര്‍ന്ന് നിലവിലെ പ്രിന്‍സിപ്പാലും ദീര്‍ഘകാലമായി അഞ്ചേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കെമിസ്ട്രി അധ്യാപികയായ പ്രവര്‍ത്തിച്ച ഷീബ പി. മാത്യുവിനും എച്ച്.എസ്., യു.പി., വിഭാഗങ്ങളിലെ അധ്യാപകരായ ലീന മാത്യു, ജലജ കുമാരി എന്നിവര്‍ക്കുമുള്ള യാത്രയയയപ്പും നടത്തി. കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ വാര്‍ഷിക പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള ആദരവും നല്‍കി. തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറി.