- കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു
- ക്യാബ്കോയുടെ പ്രവർത്തനം 2024 ആരംഭിക്കുമെന്ന് മന്ത്രി
ചെറുകിട കർഷകന് വിദേശത്തും സ്വദേശത്തും ഉൾപ്പെടെ വലിയ വിപണി സാധ്യത സൃഷ്ടിച്ചുകൊണ്ട് ക്യാപ്കോയുടെ പ്രവർത്തനം 2024 ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. ഒല്ലൂർ കൃഷി സമൃദ്ധി ഫാർമസ് പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ പ്രൊസസിംഗ് യൂണിറ്റ് ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പൊതു സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുന്ന ക്യാബ്കോയിൽ കർഷകനും പങ്കാളിയാകും. കാർഷിക മേഖലയ്ക്കായി കേന്ദ്രസർക്കാർ ഡിസംബർ മാസം വരെ 1.7500 കോടി രൂപയാണ് (ഒരു ലക്ഷത്തി ഏഴായിരത്തി അഞ്ഞൂറ് കോടി) അനുവദിക്കേണ്ടിയിരുന്നത്. കേന്ദ്രസഹായം ലഭിക്കാത്ത സാഹചര്യത്തിലും കാർഷിക മേഖലയുടെ അഭിവൃദ്ധിയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി ലോക ബാങ്ക് സഹായം തേടിയിരുന്നു. 2024 ൽ ലോക ബാങ്ക് സഹായത്തോടു കൂടി ആദ്യ ഗഡു ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കേര പദ്ധതി നടപ്പിലാക്കുമ്പോൾ ഒല്ലൂർ കൃഷി സമൃദ്ധിയ്ക്കും പ്രത്യേകം പരിഗണന നൽകുമെന്നും മന്ത്രി വാഗ്ദാനം ചെയ്തു.
ഒല്ലൂർ കൃഷി സമൃദ്ധിയുടെ ജൈവ പച്ചക്കറി വിതരണത്തിനായി കളക്ടറേറ്റ് വളപ്പിൽ സ്റ്റാൾ ആരംഭിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. പ്രൊസസിംഗ് യൂണിറ്റ് ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിനായി ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിച്ചു കഴിഞ്ഞു. ഒല്ലൂർ കൃഷി സമൃദ്ധിയുടെ മാതൃക പ്രവർത്തനങ്ങൾ പോലെ കർഷക ഉന്നമനം ലക്ഷ്യമാക്കികൊണ്ടുള്ള മുന്നേറ്റങ്ങൾ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. വെള്ളാനിക്കരയിലെ കാർഷിക സർവകലാശാലയിൽ ഈ വർഷം തന്നെ ആരംഭിക്കാൻ ലക്ഷ്യമിടുന്ന പ്രദർശന നഗരി ഫാം ടൂറിസമായി പ്രയോജനപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
2021 മുതൽ കർഷകരുടെ ഉന്നമനത്തിനായി പ്രവർത്തിച്ചു വരുന്ന കർഷകോത്പാദക കമ്പനിയാണ് ഒല്ലൂർ കൃഷി സമൃദ്ധി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി. പഴം, പച്ചക്കറികൾ എന്നിവയ്ക്ക് പുറമെ പച്ചത്തേങ്ങയുടെ സംഭരണവും കമ്പനി മുഖേന നടത്തി വരുന്നു.കാർഷികോത്പന്നങ്ങളുടെ മൂല്യവർദ്ധന യൂണിറ്റാണ് കട്ടിലപ്പൂവത്ത് ആരംഭിച്ചിരിക്കുന്നത്.
ഒല്ലൂർ കൃഷി സമൃദ്ധി ഫാർമേഴ്സ് പ്രൊഡ്യൂസർ ചെയർമാൻ കനിഷ്കൻ കെ. വിൽസൺ സ്വാഗതമാശംസിച്ച ചടങ്ങിൽ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രവി മുഖ്യാതിഥിയായി. മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ മോഹൻ ആദ്യ വിൽപ്പന നടത്തി. മാനേജിങ് ഡയറക്ടർ എം എസ് പ്രദീപ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.എസ് വിനയൻ, കെ.വി സജു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗം പി.കെ സുരേഷ് ബാബു, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ജില്ലാ കൃഷി ഓഫീസർ ഉഷാ മേരി ഡാനിയൽ, ഒല്ലൂക്കര കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി.സി സത്യവർമ്മ, കൃഷിസമൃദ്ധി എഫ് പി സി സി.ഇ.ഒ ശില്പ സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.