വികസനപ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം നോക്കരുതെന്ന് സംസ്ഥാന കായിക വകുപ്പു മന്ത്രി വി. അബ്ദുറഹിമാന്‍. താനൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ 2. 5 കോടി രൂപ ചെലവഴിച്ച് പുതുതായി നിർമ്മിക്കുന്ന  യുപി വിഭാഗം ഹൈടെക് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാലയങ്ങളുടെ വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ കക്ഷി രാഷ്ട്രീയത്തിനതീതമായി  അധ്യാപകരുടെയും ജനപ്രതിനിധികളുടെയും പിന്തുണയുണ്ടാവണം. ലഭ്യമായ പല ഫണ്ടുകളും വിനിയോഗിക്കാൻ സാധിക്കാത്തത് സ്കൂളുകളുടെ ഭാഗത്ത് നിന്നുള്ള കൃത്യമായ ഇടപെടൽ ഇല്ലാത്തതുകൊണ്ടാണെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ താനാളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസിസ്റ്റൻ്റ് എൻജിനീയർ ഗോപൻ മുകുളത്ത് പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാരിൻറെ പ്രത്യേക ഫണ്ടിൽ ഉൾപ്പെടുത്തിയാണ് സ്കൂളിൻറെ യുപി വിഭാഗം കെട്ടിടം നിർമ്മിക്കുന്നത്.  ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഖാദർകുട്ടി വിശാരത്ത്, വിദ്യാകിരണം ജില്ലാ കോ ഓര്‍ഡിനേറ്റർ സുരേഷ് കൊളശ്ശേരി, താനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.വി ശ്രീജ, ടി എസ് സുമ, വി.എസ് സഹദേവൻ, മുസ്തഫ തുടങ്ങിയവര്‍ പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽ അബ്ദുറഹിമാൻ വലിയ പീടിയക്കൽ സ്വാഗതവും സ്കൂൾ പ്രധാനാധ്യാപിക പി. ബിന്ദു നന്ദിയും പറഞ്ഞു