കൃഷി വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ ഹോർട്ടികോർപ്പിൻ്റെ ജില്ലയിലെ ആദ്യത്തെ പ്രീമിയം നാടൻ പഴം- പച്ചക്കറി സ്റ്റാൾ ചേർത്തലയിൽ ആരംഭിച്ചു. ചേർത്തല ഗാന്ധി ബസാർ ഷോപ്പിങ്ങ് കോംപ്ലക്‌സിനു സമീപത്തെ സി.കെ കുമാരപ്പണിക്കർ സ്‌മാരക കെട്ടിടത്തിൽ പ്രീമിയം നാടൻ വെജ് ആൻ്റ് ഫ്രൂട്ട്സ് എന്ന പേരിൽ ആരംഭിച്ച സ്റ്റാൾ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എ.എം ആരിഫ് എം.പി വിശിഷ്ടാതിഥിയായി.

കേരളത്തിലെ കർഷകരിൽ നിന്നും ഉയർന്ന വില നൽകി സംഭരിക്കുന്ന സുരക്ഷിതരീതിയിൽ കൃഷി ചെയ്ത പഴം, പച്ചക്കറികളാണ് ന്യായവിലയിൽ ഉപഭോക്താക്കൾക്ക് എത്തിക്കുന്നത്. നാടൻ പച്ചക്കറികൾ കൂടാതെ ഹോർട്ടി കോർപ്പ് അഗ്മാർക്ക് അംഗീകാരമുള്ള തേൻ, മറയൂർ ശർക്കര എന്നിവയും കൃഷിവകുപ്പിന് കീഴിലുള്ള സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള മട്ട അരി, ചെറു ധാന്യങ്ങൾ കേര വെളിച്ചെണ്ണ, കേരജം വെളിച്ചെണ്ണ, മിൽമ ഉൽപ്പന്നങ്ങൾ, ഫാർമർ പ്രൊഡ്യൂസേഴ്‌സ് കമ്പനികളുടെ ചെറു ധാന്യങ്ങൾ, മറ്റ് സർക്കാർ ഫാമുകളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ, ചെറുകിട കർഷകർ ഉൽപ്പാദിപ്പിച്ച മൂല്യ വർധിത ഉത്പന്നങ്ങൾ, ഇറക്കുമതി ചെയ്ത വിവിധ പഴങ്ങൾ തുടങ്ങിയവയും സ്റ്റാളിൽ ലഭ്യമാകും.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. എസ്. ശിവപ്രസാദ്, ചേർത്തല നഗരസഭ ചെയർപേഴ്സ‌ൺ ഷേർളി ഭാർഗ്ഗവൻ, വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ, വാർഡ് കൗൺസിലർ മിത്രവിന്ദാഭായി, ഹോർട്ടികോർപ്പ് ചെയർമാൻ അഡ്വ. എസ് വേണുഗോപാൽ, ഹോർട്ടികോർപ് മാനേജിംഗ് ഡയറക്ടർ ജെ.സജീവ്, ഹോർട്ടികോർപ് റീജിയണൽ മാനേജർ കെ.എസ് പ്രദീപ്, ജില്ലാ കൃഷി ഓഫീസർ സെറിൻ ഫിലിപ്പ്, ഹോർട്ടികോപ്പ് ജില്ലാ മാനേജർ കെ. സിന്ധു, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.