മിനി മോഡൽ പൂപ്പൊലി 365 ദിവസവും
കാർഷിക കോളേജുകളിൽ വിദ്യാർത്ഥികളുടെ പാഠ്യഭാഗമായി കൃഷി മാറണമെന്നും വിദ്യാർത്ഥികൾ കൃഷിയിടങ്ങളിലേക്ക് ഇറങ്ങിചെല്ലുന്ന പദ്ധതികൾ നടപ്പിലാക്കണമെന്നും റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍. അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ പൂപ്പൊലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാർത്ഥികൾ വയലുകളിൽ ഇറങ്ങി
പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന രീതിയിലേക്ക് മാറിയാൽ പുതു തലമുറക്ക് കൃഷിയും കൃഷി സാധ്യതകളെക്കുറിച്ചും നല്ല ബോധ്യമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പൂപ്പൊലി മിനി മോഡലാക്കി 365 ദിവസവും ജനങ്ങൾക്ക് കാണാൻ കഴിയുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കും.
മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാകുന്ന തരത്തിലേക്ക് പൂപ്പൊലി മാറണമെന്നും അതിനായി ചർച്ചകൾ നടത്തണമെന്നും മന്ത്രി പറഞ്ഞു. പൂപ്പൊലി സാധാരണക്കാരുടെ ജീവിത നിലവാരം ഉയർത്തി. ജില്ലയിലെ വിനോദസഞ്ചാര – സാമ്പത്തിക മേഖലകളിലെ ഉന്നമനത്തിന് പൂപ്പൊലിയിലൂടെ സാധിച്ചു. സംസ്ഥാനത്തെ കാർഷിക മേഖലയുടെ ഉന്നമനത്തിനായി നടത്തുന്ന വിളയിടാധിഷ്ഠിത മാസ്റ്റർ പ്ലാൻ കർഷകർക്ക് ഏറെ ഉപകാരപ്രദമാണ്. സംരംഭകരായി കർഷകരെ വളർത്തിയെടുക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടി ചേർത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷനായ പരിപാടിയിൽ ഒ.ആർ കേളു എം.എൽ.എ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, അമ്പലവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഹഫ്സത്ത്, വൈസ് പ്രസിഡന്റ് കെ ഷമീർ, കേരള കാർഷിക സർവ്വകലാശാല വൈസ് ചാൻസിലർ ബി.അശോകൻ, കേരള കാർഷിക സർവ്വകലാശാല രജിസ്ട്രാർ ഡോ.എ.സക്കീർ ഹുസൈൻ, അസ്സോസിയേറ്റ് ഡയറക്ടർ ഓഫ് റിസർച്ച് ഡോ.സി.കെ. യാമിനി വർമ്മ, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, എന്നിവർ പങ്കെടുത്തു.