പാലിയേറ്റീവ് കെയര്‍ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം ), ദേശീയാരോഗ്യ ദൗത്യം എന്നിവര്‍ സംയുക്തമായി ദേശീയാരോഗ്യ ദൗത്യം കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത അദ്ധ്യക്ഷത വഹിച്ചു. ഐ.എം.എ കാഞ്ഞങ്ങാട് ചാപ്റ്റര്‍ പ്രസിഡന്റ് ഡോ.വി.സുരേശന്‍ ദിനാചരണ സന്ദേശം നല്‍കി.
കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ.വി.സരസ്വതി, ഐ.എം.എ കാഞ്ഞങ്ങാട് സെക്രട്ടറി ഡോ.കെ.ജോണ്‍ ജോണ്‍, ഐ.എം.എ വനിത വിഭാഗം പ്രസിണ്ട് ഡോ.കൃഷ്ണ കുമാരി, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍, പാലിയേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ.അലീന ടോമി എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.എം.പി.ജീജ സ്വാഗതവും പാലിയേറ്റീവ് കെയര്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ പി.ഷിജി ശേഖര്‍ നന്ദിയും പറഞ്ഞു.
ചടങ്ങിനോടനുബന്ധിച്ച് ‘ഞങ്ങളുണ്ട് പരിചരണത്തിന് ‘ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയാരോഗ്യ ദൗത്യം എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ ഹ്രസ്വ ചിത്രത്തിന്റെ പ്രകാശനവും നടന്നു. തുടര്‍ന്ന് ഐ.എം.എ കാഞ്ഞങ്ങാട് ചാപ്റ്റര്‍, കെ.ജി.എം.ഒ.എ കാസര്‍കോട് എന്നിവര്‍ സ്‌പോണ്‍സര്‍ ചെയ്ത പാലിയേറ്റീവ് രോഗികള്‍ക്കുള്ള സ്റ്റേഹ സമ്മാനം വിതരണം ചെയ്തു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ഓങ്കോളജി ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.രാജു മാത്യു സിറിയക്ക് സ്വാന്തന പരിചരണം സംബന്ധിച്ചു ബോധവത്കരണ ക്ലാസ്സെടുത്തു.
ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നിലവില്‍ 41 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രൈമറിതല പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങളും ആറ് ബ്ലോക്ക് പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ 13 ആരോഗ്യ സ്ഥാപനങ്ങളിലായി സെക്കണ്ടറിതല പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. കൂടാതെ ഫിസിയോതെറാപ്പിസ്റ്റുകളുടെ സേവനവും ലഭ്യമാണ്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയില്‍ ടേര്‍ഷ്യറിതല പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. ജില്ലയിലെ 12 കേന്ദ്രങ്ങളില്‍ ലിംഫെഡിമ ക്ലിനിക്കുകളും ജില്ലാ ആശുപത്രിയില്‍ കൊളോസ്റ്റമി ക്ലിനിക്കും പ്രവര്‍ത്തിച്ചു വരുന്നു. പ്രൈമറിതല സ്ഥാപനങ്ങളില്‍ 688 ഹോം കെയറുകളിലായി എല്ലാമാസവും 7311 ഓളം രോഗികള്‍ക്ക് പരിചരണം നല്‍കി വരുന്നുണ്ട്.