സമ്പൂർണ്ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ആദിവാസി മേഖലകളിലും ഈ സാമ്പത്തിക വർഷം തന്നെ വൈദ്യുതി എത്തിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. താമരശേരിയിൽ കെ.എസ്.ഇ.ബി പുതുതായി നിർമ്മിച്ച 110 സബ്സ്റ്റേഷൻ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഗ്രിഡ് വൈദ്യുതി എത്തിക്കാൻ കഴിയാത്ത മേഖലകളിൽ അനർട്ട് വഴി സൗര വൈദ്യുതി എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണ് വകുപ്പ്. അങ്കണവാടിയിലെ പാചകം വൈദ്യുതി അധിഷ്ഠിതമാക്കി സ്മാർട്ട് കിച്ചൺ നടപ്പിലാക്കുന്ന പദ്ധതി എനർജി മാനേജ്മെന്റ് സെന്റർ മുഖേനയും നടപ്പാക്കി വരുന്നുണ്ട്. സ്വന്തമായി കെട്ടിടമുള്ള അങ്കണവാടികൾക്ക് സ്വന്തമായി വൈദ്യുതി ഉത്പാദന സാധ്യതയും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

ലിന്റോ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു.

താമരശ്ശേരിയിൽ നിലവിലുണ്ടായിരുന്ന 66 സബ്സ്റ്റേഷൻ 110 കെ.വി നിലവാരത്തിലേക്ക് ഉയർത്തിയതിനോടൊപ്പം താമരശ്ശേരി മുതൽ കുന്ദമംഗലം വരെ നിലവിലുള്ള 17 കിലോമീറ്റർ 66 കെ.വി സിംഗിൾ സർക്യൂട്ട് ലൈൻ 110 കെവി ഡബിൾ സർക്യൂട്ട് നിലവാരത്തിലേക്ക് ഉയർത്തുകയും ചെയ്തു. 20 കോടി മുതൽമുടക്കിൽ പൂർത്തിയാക്കിയ ഈ പദ്ധതി താമരശേരി, പുതുപ്പാടി, കോടഞ്ചേരി, കട്ടിപ്പാറ, പൂനൂർ, തുടങ്ങിയ ജില്ലയുടെ കിഴക്കൻ മേഖലകളിലെയും മലയോര മേഖലകളിലെയും വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റാൻ പര്യാപ്തമാവും.

ചീഫ് എൻഞ്ചിനീയർ എസ് ശിവദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. ഡിസ്ട്രിബ്യൂഷൻ സേഫ്റ്റി ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് ഡയറക്ടർ പി സുരേന്ദ്രൻ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തംഗം കുട്ടിയമ്മ മാണി, കെ സി വേലായുധൻ, എം ഇ ജലീൽ, ടി സി വാസു, ദാമോദരൻ, കെ കെ അബ്ദുള്ള, പി പി ജോയ് തുടങ്ങിയവർ സംസാരിച്ചു. കെ.എസ്.ഇ.ബി ഡയറക്ടർ സജി പൗലോസ് സ്വാഗതവും ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ആർ ലേഖറാണി നന്ദിയും പറഞ്ഞു.