സംസ്ഥാനത്ത് മുൻഗണനാ റേഷൻ കാർഡിനായി അപേക്ഷ നൽകിയവരിൽ 45127 പേർക്കു കൂടി മുൻഗണനാ കാർഡ് നൽകുന്നു. 2023 ഒക്ടോബർ 10 മുതൽ 30 വരെ ഓൺലൈനായി ലഭിച്ച അപേക്ഷകളും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ നവകേരള സദസിൽ ലഭിച്ച അപേക്ഷളും പരിഗണിച്ചാണ് ഇത്രയും പേർക്ക് മുൻഗണനാ കാർഡുകൾ നൽകുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നാളെ രാവിലെ 11ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ജി.ആർ. അനിൽ വിതരണോദ്ഘാടനം നിർവഹിക്കും.
ഈ സർക്കാർ ചുമതലയേറ്റ ശേഷം 39611 മഞ്ഞ കാർഡുകളും(എഎവൈ) 3,28,175 പിങ്ക് കാർഡുകളും(പി.എച്ച്.എച്ച്) ഉൾപ്പെടെ 3,67,786 മുൻഗണനാ കാർഡുകൾ തരംമാറ്റി വിതരണം ചെയ്തതായി മന്ത്രി ചൂണ്ടിക്കാട്ടി. ഇന്ന് വിതരണം ആരംഭിക്കുന്ന കാർഡുകൾ കൂടി ചേരുന്നതോടെ വിതരണം ചെയ്ത ആകെ മുൻഗണനാ കാർഡുകളുടെ എണ്ണം 4,12,913 ആകും. ദേശീയ ഭക്ഷ്യ നിയമം അനുശാസിക്കുന്ന മുൻഗണനാ വിഭാഗങ്ങൾക്കു പുറമേ മുഴുവൻ പേർക്കും ലഭ്യതയുടെ അടിസ്ഥാനത്തിൽ റേഷൻ കാർഡ് നൽകുന്ന സമീപനമാണു സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുന്നത്.
ഭക്ഷ്യധാന്യങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ടു ഭക്ഷ്യധാന്യങ്ങളുടെ വില, റേഷൻ വ്യാപാരികളുടെ കമ്മിഷൻ, ഗതാഗത കൈകാര്യ ചെലവ്, ഗോഡൗൺ വാടക, ജീവനക്കാരുടെ ശമ്പളം, മറ്റ് അനുബന്ധ ചെലവുകൾ എന്നീ ഇനങ്ങളിൽ വലിയ തുകയാണു സംസ്ഥാന സർക്കാർ വഹിക്കുന്നത്. നീല, വെള്ള കാർഡ് ഉടമകൾക്കു നൽകേണ്ട ഭക്ഷ്യധാന്യങ്ങളുടെ വിലയിനത്തിൽ പ്രതിമാസം ശരാശരി 28 കോടി രൂപ സംസ്ഥാന സർക്കാർ ചെലവഴിക്കുന്നു. 2023 മുതൽ മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്കുള്ള റേഷൻ വിഹിതം കേന്ദ്ര സർക്കാർ സൗജന്യമാക്കിയിരുന്നു.
ഈ കാലയളവിനു മുൻപ് സംസ്ഥാന സർക്കാർ മുൻഗണനാ കാർഡുകാർക്കു കേന്ദ്രത്തിൽനിന്നു സബ്സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ വാങ്ങി മഞ്ഞ കാർഡുകാർക്ക്(5,89,267 കാർഡ് ഉടമകൾ) സൗജന്യമായും പിങ്ക് കാർഡുകാർക്ക്(3447897 കാർഡ് ഉടമകൾ) മൂന്നു രൂപ നിരക്കിൽ അരിയും രണ്ടു രൂപ നിരക്കിൽ ഗോതമ്പും ലഭ്യമാക്കിയിരുന്നു. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമ പ്രകാരം അനുവദിക്കുന്ന 10.25 മെട്രിക് ടണ്ണും മുൻഗണനേതര വിഭാഗങ്ങൾക്കായുള്ള സംസ്ഥാന പദ്ധതി പ്രകാരമുള്ള നാലു ലക്ഷം ടൺ മെട്രിക് ടൺ ഭക്ഷ്യ ധാന്യങ്ങളുമാണു പൊതുവിതരണ സംവിധാനം വഴി നടത്തിവരുന്നത്. ഇതിൽ മുൻഗണനാ കാർഡുകൾക്കുള്ള ഭക്ഷ്യധാന്യ വിതരണത്തിനു മാത്രമേ കേന്ദ്ര സർക്കാരിൽനിന്നു സാമ്പത്തിക സഹായം ലഭ്യമാകൂ. 57 ശതമാനം വരുന്ന മുൻഗണനാ കാർഡുകാർക്കു റേഷൻ വിതരണത്തിനായുള്ള ചെലവുകൾ പൂർണമായി സംസ്ഥാന സർക്കാരാണു നിർവഹിക്കുന്നതെന്നും കണക്കുകൾ സഹിതം മന്ത്രി വ്യക്തമാക്കി.