തദ്ദേശഭരണ സ്ഥാപനങ്ങളുടെ വികേന്ദ്രീകൃതാസൂത്രണ പ്രക്രിയയിൽ പദ്ധതി ആസൂത്രണത്തിലും നിർവ്വഹണത്തിലും ഐഎച്ച്ആർഡിയുടെ പങ്കാളിത്തം ഉൾപ്പെടുത്താൻ സർക്കാരിന്റെ സംസ്ഥാന കോർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു. കേരളത്തിൽ എൻജിനീയറിങ് കോളേജുകൾ, പോളിടെക്‌നിക്കുകൾ, അപ്ലൈഡ് സയൻസ് കോളേജുകൾ, ടെക്‌നിക്കൽ സ്‌കൂളുകൾ ഉൾപ്പടെ ആകെ 87 സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഐഎച്ച്ആർഡി യുടെ കീഴിലുണ്ട്. കമ്മിറ്റി തീരുമാനം അനുസരിച്ചുള്ള മേഖലകളിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ നിർവ്വഹണവുമായി ബന്ധപ്പെട്ട് ഐഎച്ച്ആർഡി യുടെ സഹകരണം ഉറപ്പാക്കാൻ സാധിക്കുമെന്ന് ഐഎച്ച്ആർഡി ഡയറക്ടർ ഡോ. വി. എ. അരുൺകുമാർ അറിയിച്ചു.
പദ്ധതി രൂപീകരണത്തിലും നടത്തിപ്പിലും പ്രവർത്തനങ്ങളുടെ ഏകോപനങ്ങളിലും പ്രൊഫഷണലിസം ഉറപ്പുവരുത്തുന്നതിനായി ഐഎച്ച്ആർഡി യുടെ അനുബന്ധ സ്ഥാപനങ്ങളിലെ സാങ്കേതിക വിദഗ്ധരുടെ സഹായം തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് നൈപുണ്യ പരിശീലന പദ്ധതികൾ നടപ്പിലാക്കാൻ ഐഎച്ച്ആർഡി സ്ഥാപനങ്ങളുടെ സേവനം ഉപയോഗിക്കാവുന്നതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്‌സ് പദ്ധതികളുടെ പ്രോജക്ട് മാനേജ്‌മെന്റ് കൺസൾട്ടന്റായി(PMC) ഐഎച്ച്ആർഡി യെ ചുമതലപ്പെടുത്താൻ ഈ തീരുമാനം വഴി സാധിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന വിവിധതരം സർവ്വേകൾ വെബ്‌സൈറ്റുകളുടെയും മൊബൈൽ ആപ്പുകളുടെയും നിർമ്മാണവും വാർഷിക പരിപാലനവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളുടെയും നിർബന്ധ ഉപകരണങ്ങളുടെയും വാർഷിക പരിപാലന കരാർ എന്നീ മേഖലകളിൽ ഐഎച്ച്ആർഡി യെ പങ്കാളിയാക്കാനും ഈ തീരുമാനം വഴി സാധിക്കും.
ഉപയോഗയോഗ്യമല്ലാത്ത കമ്പ്യൂട്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും ശേഖരണത്തിനും അവയുടെ പുനരൂപയോഗത്തിനുള്ള പദ്ധതിക്കും ഐഎച്ച്ആർഡി യുടെ സേവനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. ഉപയോഗയോഗ്യമല്ലാത്ത ഉപകരണങ്ങൾ സ്റ്റോക്ക് രജിസ്റ്ററിൽ നിന്ന് എഴുതി മാറ്റുന്ന തടക്കമുള്ള വിവിധ നടപടിക്രമങ്ങൾ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് ഐഎച്ച്ആർഡിയെ ഏൽപ്പിക്കാവുന്നതാണ്. വിവിധ രംഗത്ത് ഉപയോഗിക്കുന്ന ഉപകരണങ്ങൾ /യന്ത്രങ്ങൾ തുടങ്ങിയവയുടെ പരിപാലനത്തിനായി ഐഎച്ച്ആർഡി യുടെ സഹകരണം തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ആവശ്യമായ താൽക്കാലിക ജീവനക്കാരെ (മനുഷ്യ വിഭവശേഷി വിതരണം) സർവൈസ് പ്രൊവൈഡർ എന്ന നിലയ്ക്ക് ഐഎച്ച്ആർഡിയുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.