കുടുംബശ്രീയുടെ നേതൃത്വത്തില്‍ ബഡ്‌സ് സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായുള്ള സംസ്ഥാന കലോത്സവം ‘തില്ലാന’ ജനുവരി 20, 21 തീയതികളില്‍ തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ നടക്കും. 20ന് രാവിലെ 10 മണിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. 18 ഇനങ്ങളിലായി 296 കലാകാരന്മാര്‍ മാറ്റുരയ്ക്കും.

ലളിതഗാനം, നാടന്‍പാട്ട്, നാടോടി നൃത്തം, മിമിക്രി, പ്രച്ഛന്നവേഷം, ഉപകരണ സംഗീതം- ചെണ്ട ആന്റ് കീബോര്‍ഡ്, പെയിന്റിംഗ് (ക്രയോണ്‍സ്), പെന്‍സില്‍ ഡ്രോയിംഗ്, എംബോസ് പെയിന്റിംഗ് തുടങ്ങിയ വ്യക്തിഗത ഇനങ്ങളും സംഘനൃത്തം, ഒപ്പന എന്നീ ഗ്രൂപ്പിനങ്ങളുമാണുള്ളത്. ബഡ്‌സ് സ്ഥാപനങ്ങളുടെ തീം സ്റ്റാളും, കുട്ടികളും രക്ഷിതാക്കളും ചേര്‍ന്ന് നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശന വിപണന മേളയും ഒരുക്കും.കലോത്സവത്തിന്റെ ഭാഗമായി 18ന് ഉച്ചയ്ക്ക് 3.30ന് മുഴപ്പിലങ്ങാട് ബീച്ചില്‍ ബലൂണ്‍ പറത്തല്‍ നടക്കും. ബഡ്‌സ് സ്‌കൂള്‍ അധ്യാപകര്‍ക്കായി ഡിജിറ്റല്‍ പോസ്റ്റര്‍ രചന മത്സരവും പൊതുജനങ്ങള്‍ക്കായി പ്രവചന മത്സരവും നടത്തും. സമാപന സമ്മേളനം ഉദ്ഘാടനവും വിജയികള്‍ക്കുള്ള സമ്മാന വിതരണവും 21ന് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ നിര്‍വ്വഹിക്കും.

ബ്രണ്ണന്‍ കോളേജില്‍ കലാകാരന്മാരുടെ ചിത്രരചന കൂട്ടായ്മ വരക്കൂട്ടവും, ഫ്‌ളാഷ് മോബും വര്‍ണ്ണാഭമായ വിളംബര ഘോഷയാത്രയും കലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മിനിഹാളില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ഡോ. എം സുര്‍ജിത്, മീഡിയ കമ്മിറ്റി വൈസ് ചെയര്‍മാന്‍ സെല്‍വന്‍ മേലൂര്‍, കുടുംബശ്രീ അസി. ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ പി ഒ ദീപ, അസി. പ്രോഗ്രാം മാനേജര്‍ ഡാനിയല്‍ ലിബിനി പങ്കെടുത്തു.