ഗ്രീൻ അസംബ്ലി സ്പീക്കർ ഉദ്ഘാടനം ചെയ്തു

വ്യക്തിശുചിത്വം പോലെ പരിസര ശുചിത്വത്തിനും പ്രാധാന്യം നൽകേണ്ടതുണ്ടെന്ന് സ്പീക്കർ എ എൻ ഷംസീർ അഭിപ്രായപ്പെട്ടു. ദേശീയ പരിസ്ഥിതി കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഗ്രീൻ പാർലമെന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ. മാലിന്യങ്ങൾ കുന്നുകൂടുകയും തെരുവ് നായ ശല്യം രൂക്ഷമാകുന്ന സാഹചര്യം നമുക്ക് മുന്നിലുണ്ട്. മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കണം.

നിയമസഭാ നടപടി ക്രമങ്ങളെ അറിയുന്നതിനും പാരിസ്ഥിതിക വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുമുള്ള മികച്ച സംരഭമാണ് ഗ്രീൻ അസംബ്ലി. കാലം തെറ്റി പെയ്യുന്ന മഴയും പ്രളയവുമടക്കമുളള ദുരന്തങ്ങൾ കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമാണ്. ഇതിനെതിരെ പ്രതിരോധം തീർക്കാർ മികച്ച ബോധവൽക്കരണം നടത്തണമെന്നും സ്പീക്കർ പറഞ്ഞു.

സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ ഹാളിൽ നടന്ന ചടങ്ങിൽ വി കെ പ്രശാന്ത് എം എൽ എ അധ്യക്ഷത വഹിച്ചു.ഡോ.സി അനിൽകുമാർ സ്വാഗതമാശംസിച്ചു. നിയമസഭാ സെക്രട്ടറി ഷാജി സി ബേബി വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ജെ തങ്കമണി, പ്രോഗ്രാം കോർഡിനേറ്റർ അനസ് അബ്ദുൾ ഗഫൂർ ,പ്രോഗ്രാം കൺവീനർ നസീർ നൊച്ചാട് എന്നിവർ സംബന്ധിച്ചു. ദേശീയ ഹരിത സേന തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടികൾ നടന്നത്.